കോഴിക്കോട്: കര്‍ഷക സമരം കോര്‍പ്പറേറ്റ് ദാസന്മാരായ സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമാണെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി പറഞ്ഞു. പ്രലോഭനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുന്നില്‍ കീഴടങ്ങാതെ രാജ്യതലസ്ഥാനത്ത് നടത്തുന്ന കര്‍ഷകര്‍ സമരത്തിന് മുന്‍പില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് മുട്ടു മടക്കേണ്ടി വരും.ഈ സമര പോരാട്ടത്തിലെ അനേകം കര്‍ഷകരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ റെയില്‍വേസ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ്, ഭാരവാഹികളായ പിപി ഷൈജല്‍, കെ.ടി റഹൂഫ്, നോര്‍ത്ത് മണ്ഡലം മുസലിംലീഗ് ജനറല്‍ സെക്രട്ടറി എംകെ ഹംസ, നൂറുദ്ധീന്‍ ചെറുവറ്റ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് സ്വാഗതവും സെക്രട്ടറി ഷമീര്‍ പാഴൂര്‍ നന്ദിയും പറഞ്ഞു