ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മരണ ശേഷം പുനര്‍ജനിക്കുമെന്ന വിശ്വാസത്തിന്‍ മേല്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ മൊഴികളുമായി കുട്ടികളുടെ അമ്മ. ഇളയ മകളെ തങ്ങളല്ല കൊന്നതെന്നും മൂത്തമകളാണ് അവളെ കൊലപ്പെടുത്തിയതെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ പത്മജ പറഞ്ഞു.

ഇവര്‍ പൊലീസിനോട് പറഞ്ഞത് പ്രകാരം മൂത്തമകള്‍ അലേഖ്യ ഇളയവളായ സായ് ദിവ്യയെ കൊലപ്പെടുത്തി. ഇതിനു ശേഷം തന്നെയും കൊല്ലണമെന്ന് മകള്‍ മാതാപിതാക്കളോട് അപേക്ഷിക്കുകയായിരുന്നു. ഇന്നത്തെ കലിയുഗത്തിനു ശേഷം നാളെ സത്യയുഗം തുടങ്ങുകയാണെന്നും തന്നെ കൊന്നാലെ സഹോദരിയുമായി വീണ്ടും ഒന്നിക്കാന്‍ പറ്റുമെന്ന് മൂത്തമകള്‍ പറഞ്ഞതായി അമ്മ പറയുന്നു.

അതേസമയം പത്മജയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. രാജ്യവ്യാപക ലോക്ഡൗണ്‍ സമയത്തിനു ശേഷം ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു.പദ്മജ തന്നെയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരുടെ ഭര്‍ത്താവും ഇതിന് സഹായിച്ചിരുന്നു. ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഒറ്റ ദിവസം കൂടി കാത്തിരിക്കണമെന്നും തിങ്കളാഴ്ച മക്കള്‍ പുനര്‍ജനിക്കുമെന്നുമാണ് പദ്മജ പൊലീസിനോട് പറഞ്ഞത്.പൊലീസ് മുറിയിലേക്ക് കടന്നപ്പോള്‍ ഇരുപെണ്‍കുട്ടികളും മരിച്ച നിലയിലായിരുന്നു. തങ്ങളാണ് മക്കളെ കൊന്നതെന്ന കാര്യം മാതാപിതാക്കള്‍ ഇപ്പോഴും വിശ്വസിച്ചിട്ടില്ല.