X

സുഷമാ സ്വരാജിനെ മന്ത്രി സ്ഥാനത്തുനിന്നും ഉടന്‍ മാറ്റാന്‍ സാധ്യത

സുഷമാ സ്വരാജിനെ വിദേശകാര്യ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യത. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍നാളായി ചികില്‍സയില്‍ കഴിയുന്ന സുഷമ സ്വരാജിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ചയാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സുഷമ വിധേയയാകുന്നത്. ചികിത്സക്കായി ആസ്പത്രിയില്‍ കഴിയുന്ന സുഷമ സ്വരാജ്, ശസ്ത്രക്രിയക്ക് ശേഷവും ഏതാനും മാസങ്ങള്‍ കൂടി വിശ്രമത്തിലാവും. അതിനാല്‍ ഭരണകാര്യങ്ങളില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മാറ്റത്തെ കുറിച്ച് മോദി ആലോചിക്കുന്നത്. സുഷമക്ക് പകരം പുതിയ മുഴുവന്‍ സമയ വിദേശകാര്യമന്ത്രിയെ തേടി പ്രധാനമന്ത്രി അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബി.ജെ.പിയില്‍ ഈ സ്ഥാനത്തിന് അനുയോജ്യനായ ആളുണ്ടോ എന്നാണ് പ്രധാനമന്ത്രി തിരയുന്നത്. ശൈത്യകാല സമ്മേളനത്തിനിടെ തന്നെ വിദേശകാര്യ വകുപ്പ് സീനിയര്‍ മന്ത്രിമാരിലൊരാളെ ഏല്‍പ്പിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. അതിനായി മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്താനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമേരിക്കയില്‍ വന്ന ഭരണമാറ്റവും മോദി മന്ത്രിസഭയുടെ മാറ്റത്തിന് കാരണമായി പറയുന്നുണ്ട്. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധമാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ടീം അധികാരത്തിലേല്‍ക്കുന്നതോടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ദൃഢപ്പെടുത്തുന്നതിനും മാറ്റം അനിവാര്യമായി മോദി കാണുന്നു. നിലവില്‍ പാക്കിസ്ഥാനുമായി ട്രംപിന് അടുപ്പം കൂടുന്നാതായുള്ള വാര്‍ത്തകള്‍ മോദി ഗവണ്‍മെന്റിന് ഭീഷണിയും നല്‍ക്കുന്നതാണ്. അതിനാല്‍ തന്നെ അമേരിക്കയുമായുള്ള ഊഷ്മളമായ ബന്ധത്തിന് ഇന്ത്യക്ക് മുഴുവന്‍സമയ വിദേശകാര്യ മന്ത്രി വേണ്ടതുണ്ട്.

ചികില്‍സയിലായതിനെത്തുടര്‍ന്ന് അടുത്തിടെ അമൃത്സറില്‍ നടന്ന ഹാര്‍ട്ട് ഏഷ്യ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ അഭാവം ഏറെ പ്രകടമായിരുന്നു. കൂടാതെ ജനുവരിയില്‍ നിരവധി ലോക നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുകയും കൂടി ചെയ്യുന്ന സാഹചര്യത്തിലാണ് മുഴുവന്‍ സമയ വിദേശകാര്യമന്ത്രി വേണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.

chandrika: