X
    Categories: Video Stories

‘2028-ഓടെ മോദി എല്ലാവര്‍ക്കും ചന്ദ്രനില്‍ വീട് നല്‍കും’ – പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ നവ്‌സര്‍ജന്‍ യാത്രയുടെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ രൂക്ഷ പരിഹാസങ്ങളെയ്ത് രാഹുല്‍ ഗാന്ധി. ദരിദ്രര്‍ക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുക എന്നതാണ് മോദിയുടെ പ്രധാന ജോലി എന്നും 2030-ഓടെ മോദി ചന്ദ്രനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ പരിഹസിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന യാത്ര വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു.

മധ്യ ഗുജറാത്തിലെ ഫാഗ്‌വെലില്‍ ആദിവാസികള്‍ അടക്കമുള്ള വന്‍ ജനക്കൂട്ടം പങ്കെടുത്ത യോഗത്തിലാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ‘ഇന്നലെ മോദി ഒരു പ്രസ്താവന നടത്തി, 2022-ഓടെ ഗുജറാത്തില്‍ നിന്ന് താന്‍ ദാരിദ്ര്യം തുടച്ചു നീക്കുമെന്ന്. പന്ത്രണ്ടു വര്‍ഷം ഗുജറാത്ത് ഭരിച്ച ഒരാളാണ് ഇത് പറയുന്നത്. അതു കഴിഞ്ഞ് എന്തു സംഭവിക്കുമെന്ന് ഞാന്‍ പറയാം. 2025-ഓടെ മോദി എല്ലാ ഗുജറാത്തികളെയും ചന്ദ്രനിലേക്കയക്കും. 2028-ല്‍ എല്ലാവര്‍ക്കും ചന്ദ്രനില്‍ വീട് നല്‍കും. 2030-ഓടെ അദ്ദേഹം ചന്ദ്രനെ ഇന്ത്യയിലേക്ക് കൊണ്ടുവരും.’ രാഹുല്‍ പറഞ്ഞു.

ആദിവാസികള്‍ അടക്കമുള്ള ദരിദ്രരുടെ അവകാശങ്ങള്‍ നല്‍കാന്‍ പോലും മോദി പരാജയപ്പെട്ടിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ‘ഞാനൊരു കോണ്‍ഗ്രസ് നേതാവാണ്. പക്ഷെ, ഇപ്പോള്‍ ഞാനിവിടെ ഗുജറാത്തിന്റെ പുത്രനാണ്. ഞാനിവിടെ ഗുജറാത്തിനു വേണ്ടിയാണ് സംസാരിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി നിങ്ങള്‍ മോദിജിയുടെ മന്‍ കി ബാത്ത് കേള്‍ക്കുന്നുണ്ടാകും. കഴിഞ്ഞ മൂന്നു ദിവസം ജനങ്ങളുമായി സംസാരിച്ചതില്‍ നിന്ന് എനിക്കു മനസ്സിലായത് മോദിക്കെതിരെ വലിയ ജനവികാരമുണ്ടെന്നാണ്. ‘മാന്‍ കി ബാത്ത്’ (മനുഷ്യന്റെ സംസാരം) കേള്‍ക്കുന്ന സര്‍ക്കാര്‍ ആവും ഗുജറാത്തില്‍ കോണ്‍ഗ്രസ് രൂപീകരിക്കുക.’ അദ്ദേഹം പറഞ്ഞു.

2002-ല്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണമായ ‘ഗൗരവ് യാത്ര’ ആരംഭിച്ച ഫാഗ്‌വലിലെ ഭാട്ടിജി മഹാരാജ് ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിങ് വഗേലയുടെ ശവകുടീരത്തില്‍ പ്രണാമമര്‍പ്പിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: