ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച് രോഹിത് ശര്‍മ. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തില്‍ നേടിയ മൂന്നാമത്തെ സിക്‌സോടെയാണ് താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്. ഇതോടെ 277 ഏകദിന മത്സരങ്ങളില്‍ നിന്ന് 352 സിക്‌സുകളാണ് രോഹിത് നേടിയത്. 398 മത്സരങ്ങളില്‍ നിന്ന് 351 സിക്‌സുകളായിരുന്നു ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോര്‍ഡ്.
ഏകദിനത്തില്‍ താരത്തിന്റെ അറുപതാം അര്‍ധ സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ 51 പന്തില്‍ 3 സിക്‌സും 5 ഫോറുമടക്കം 57 റണ്‍സാണ് രോഹിത് നേടിയത്. അതേസമയം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്‌ലി സെഞ്ച്വറിയും, കെ.എല്‍ രാഹുലും രോഹിത്തും അര്‍ധസെഞ്ച്വറിയും നേടി. 120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.
നേരത്തെ നാലാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 136 കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്‍ രാഹുലും 60 (56) അര്‍ധ സെഞ്ച്വറി കുറിച്ചു. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സന്‍, നാന്‍ഡ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, ഓട്ട്‌നീല്‍ ബാര്‍ട്ടമാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.