X

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ബഹുമുഖ പ്രതിഭ

മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളില്‍ പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകള്‍ കേരളാചരിത്രത്തില്‍ അതുല്യമായ ഇടം നേടിയ കാലഘട്ടമാണ്. കേരളത്തിലെ പ്രഥമ മുസ്‌ലിം നവോത്ഥാന നായകനായ മാലിക്ബ്‌നു ദീനാറിനും അനുചരന്മാര്‍ക്കും ശേഷം കേരള മുസ്‌ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത യുഗപ്രഭാവനായ ചരിത്ര പുരുഷന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും അദ്ദേഹത്തിന്റെ മകനും അധിനിവേശ വിരുദ്ധ പോരാട്ട നായകനുമായ അല്ലാമാ അബ്ദുല്‍ അസീസും പൗത്രനും കേരളത്തിലെ പ്രഥമ ചരിത്രകാരനുമായ ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും ഹൈന്ദവ നവോത്ഥാന വ്യാപനത്തിനും മലയാള ഭാഷക്കും കാര്‍മ്മികത്വം വഹിച്ച ആചാര്യന്മാരായ തുഞ്ചത്തെഴുത്തച്ഛനും മേല്‍പത്തൂര്‍ ഭട്ടതിരിയും പൂന്താനം നമ്പൂതിരിയും ജീവിച്ചുമരിച്ചത്. ക്രിസ്തീയ സമൂഹത്തില്‍ സമൂല പരിവര്‍ത്തനത്തിന് നാന്ദി കുറിച്ച ഉദയം പേരൂര്‍ സുന്നഹദോസ് (ട്രാം പേരൂര്‍ സിനഡ്)നടന്നതും ഈ കാലയളവിലാണ്.
കേരളത്തിന്റെ മുസ്‌ലിം വൈജ്ഞാനിക നായകനും സൂഫിവര്യനും അഗാധപണ്ഡിതനും ഉന്നത ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദീന്‍ ഒന്നാമന്‍ തന്റെ അനുപമ സിദ്ധിവിശേഷം മത വിജ്ഞാനത്തിന്റെയും ദേശത്തിന്റെയും മതമൈത്രിയുടെയും അധഃസ്ഥിത വിഭാഗത്തിന്റെയും സര്‍വോന്മുഖമായ പുരോഗതിക്കു വിനിയോഗിക്കുന്നതോടൊപ്പം അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഭാരതത്തില്‍ ആദ്യമായി ഉജ്ജ്വലമായ നേതൃത്വവും താത്വിക അടിത്തറയും പാകി എന്നതാണ് മഖ്ദൂം ഒന്നാമനെ മുസ്‌ലിം കേരളത്തിന്റെ കഴിഞ്ഞ കാലത്തെ അതുല്യനും അനിഷേധ്യനുമായ നേതാവാക്കി ഉയര്‍ത്താന്‍ ഹേതുവായത്.
1467 മാര്‍ച്ച് 18 (ഹിജ്‌റ 871 ശഅ്ബാന്‍ 12) വ്യാഴാഴ്ച പ്രഭാതത്തില്‍ കൊച്ചിയിലെ കൊച്ചങ്ങാടിയിലെ മഖ്ദൂം ഭവനത്തില്‍ അല്ലാമാ അലിയുടെ മകനായി ജനിച്ചു. അബുയഹ്‌യ സൈനുദ്ദീനുബ്‌നു അലിബ്‌നു അഹ്മ്മദു അല്‍ മഅ്ബരി എന്നാണ് പൂര്‍ണ്ണനാമം. രണ്ടാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ പിന്‍മുറക്കാരും പണ്ഡിത പാരമ്പര്യമുള്ള കുടുംബമാണ് മഖ്ദൂമിന്റേത്.
ലോകത്തിലെ വിവിധ രാഷ്ട്രക്കാര്‍ പ്രാചീന കാലംമുതല്‍ ശ്രീലങ്കയിലെ തീര്‍ത്ഥാടന കേന്ദ്രമായ ആദംമല സന്ദര്‍ശിക്കല്‍ പതിവായിരുന്നു. കാലാവസ്ഥ വ്യതിയാനമനുസരിച്ച് ചില സീസണില്‍ ഇന്ത്യയിലെ അക്കാലത്തെ പ്രമുഖ തുറമുഖമായ കൊടുങ്ങല്ലൂരില്‍ (മുസരീസ്) കപ്പലിറങ്ങി കരമാര്‍ഗം സഞ്ചരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളായ കായല്‍പ്പട്ടണം, കിളക്കര പ്രദേശങ്ങളിലെത്തി അവിടെനിന്ന് കടത്ത് കടന്നായിരുന്നു ശ്രീലങ്കയിലേക്ക് തീര്‍ത്ഥയാത്ര ചെയ്തിരുന്നത്. തന്മൂലം അറബികള്‍ ഈ പ്രദേശത്തെ കടത്ത് എന്നര്‍ത്ഥം വരുന്ന മഅ്ബര്‍ എന്ന് വിളിച്ചു. മഖ്ദൂമികളുടെ പൂര്‍വ്വികര്‍ യമനിലെ മഅ്ബരി പ്രദേശത്തുകാരായതിനാലും അതല്ല ആ നാടുകളില്‍നിന്ന് വന്ന് ഈ പ്രദേശത്ത് താമസമാക്കിയതിനാലുമാണ് പേരിനോടൊപ്പം മഅ്ബരി എന്ന് ചേര്‍ത്തതെന്ന് ചരിത്രം വിഭിന്നപക്ഷമാണ്.
കായല്‍പട്ടണത്ത് നിന്ന് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പിതാമഹന്‍ ശൈഖ് അഹ്മദ് അല്‍ മഅ്ബരി കൊച്ചിയിലെത്തി താമസമാക്കി. ഉദാരമനസ്‌കനും ദയാലുവും പണ്ഡിതനും സമുദായ പരിഷ്‌കര്‍ത്താവും ആയിരുന്ന അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും നിസ്വാര്‍ത്ഥ പ്രവര്‍ത്തനം മൂലം കൊച്ചിയിലും പരിസരത്തും ഇസ്‌ലാമിക സന്ദേശം വ്യാപിച്ചു. മതപ്രബോധനത്തോടൊപ്പം സാമൂഹ്യ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്ന അദ്ദേഹത്തിനും കുടുംബത്തിനും സമൂഹവും സമുദായവും പ്രത്യേക അംഗീകാരവും ആദരവും നല്‍കി.
ശൈഖ് സൈനുദ്ദീന്‍ കൊച്ചിയില്‍ നിന്നുതന്നെ പിതാവായ അലി അല്‍ മഅ്ബരിയില്‍നിന്നും പ്രാഥമിക വിദ്യ അഭ്യസിച്ചു. ബാല്യത്തില്‍ തന്നെ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് പിതൃവ്യനും പൊന്നാനി ഖാസിയുമായിരുന്ന സൈനുദ്ദീന്‍ ഇബ്രാഹിം ഉപരിപഠനത്തിന്നായി ശൈഖ് സൈനുദ്ദീനെ പൊന്നാനിയിലേക്ക് കൊണ്ടുവന്നു കൂടെ പാര്‍പ്പിച്ചു.
ഖുര്‍ആന്‍ മനഃപാഠമാക്കുകയും വ്യാകരണം, കര്‍മ്മശാസ്ത്രം, ആത്മീയ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നേടുകയും ചെയ്ത ശൈഖ് സൈനുദ്ദീന്‍ പഠനത്തില്‍ ഉല്‍സുകനും ആരാധനയില്‍ തല്‍പ്പരനുമായി പൊന്നാനിയില്‍ തന്നെ ബാല്യം കഴിച്ചുകൂട്ടി. തുടര്‍ന്ന് പിതൃവ്യന്റെ നിര്‍ദ്ദേശപ്രകാരം ഉന്നത പണ്ഡിതന്മാരുടെ ശിഷ്യത്വം തേടി കോഴിക്കോട് എത്തി. ഫിഖ്ഹി (കര്‍മ്മശാസ്ത്രം)ല്‍ അഗാധപാണ്ഡിത്യത്തിന്റെ ഉടമയും കേരളത്തിന്റെ പ്രഥമ അറബി കവിയുമായ കോഴിക്കോട് ഖാസി അബൂബക്കര്‍ ഫഖ്‌റുദ്ദീന്‍ ഇബ്‌നു റമളാനുശ്ശാലിയാത്തിയെ ഗുരുവായി സ്വീകരിച്ചു. ഫിഖ്ഹിലും ഉസൂലുല്‍ ഫിഖ്ഹിലും ജ്ഞാനം സമ്പാദിക്കാന്‍ ഏഴുവര്‍ഷമാണ് അദ്ദേഹം അവിടെ പഠനം നടത്തിയത്.
അടങ്ങാത്ത വിജ്ഞാന ദാഹവുമായി യാത്രാ സൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് തുടര്‍പഠനത്തിനായി കേരളത്തില്‍ നിന്ന് വിദ്യാസമ്പാദനത്തിന് അര്‍പ്പണ മനോഭാവത്തോടെ ദുര്‍ഘട സന്ധികള്‍ തരണം ചെയ്ത് അദ്ദേഹം മക്കത്തേക്ക് യാത്രതിരിച്ചു. അവിടെ വെച്ച് അല്ലാമാ അഹ്മദ് ശിഹാബുദ്ദീന്‍ ഇബ്‌നു ഉസ്മാനുബ്‌നു അബില്‍ ഹില്ലില്‍ യമനില്‍നിന്നും ഹദീസിലും ഫിഖ്ഹിലും ജ്ഞാനം സമ്പാദിച്ചു.
മക്കയില്‍നിന്ന് ഉപരിപഠനത്തിനായി അക്കാലത്തെ ഇസ്‌ലാമിക വിശ്വ വിജ്ഞാന കേന്ദ്രമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലേക്ക് മഖ്ദൂം കാല്‍നടയായും കാഫിലകെട്ടിയുമാണ് പുറപ്പെട്ടത്. മക്കയിലും അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും പഠനം നടത്തിയ ആദ്യ മലയാളി എന്ന നിലയില്‍ മഖ്ദൂം കേരളീയരായ വിദ്യാവാസനികള്‍ക്ക് എക്കാലത്തേയും മാതൃകാ പുരുഷനാണ്. മഖ്ദൂമിനെ കൂടാതെ അക്കാലത്തോ അതിനുമുമ്പോ മലയാളക്കരയില്‍ നിന്ന് വിദേശത്തുപോയി സര്‍വകലാശാല ബിരുദം നേടിയ ഒരു പഠിതാവിന്റെ പേര് ഇന്നുവരെ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. തന്മൂലം വിദേശ ബിരുദം നേടിയ പ്രഥമ മലയാളി പണ്ഡിത ശ്രേഷ്ഠനാണ് അദ്ദേഹം. അല്‍അസ്ഹറില്‍നിന്ന് ഖാളി അബ്ദുറഹ്മാന്‍ അല്‍ അദമിയില്‍ നിന്നും ഹദീസി (നബിചര്യ) ല്‍ കൂടുതല്‍ അവഗാഹം നേടി. ഹദീസുകള്‍ ഉദ്ധരിക്കാനുള്ള ഔദ്യോഗിക അനുമതിയും ഗുരുവില്‍നിന്ന് മഖ്ദൂമിനു ലഭിച്ചു. ഫിഖ്ഹിലും ഹദീസിലും മുഹമ്മദ് നബിയില്‍ ചെന്നുമുട്ടുന്ന ഗുരു പരമ്പരയില്‍ പ്രവേശനം സിദ്ധിച്ച മഖ്ദൂം രണ്ടു വിഷയങ്ങളിലും അഗാധ പണ്ഡിതനായിരുന്നു.
ശരീഅത്തി (മത നിയമം)ന്റെ കപ്പലില്‍ യാത്ര ചെയ്തു തരീഖത്തി (സൂഫിമാര്‍ഗം) ന്റെ സമുദ്രത്തില്‍ മുങ്ങി ഹഖീഖത്തി (ദിവ്യയാഥാര്‍ഥ്യം)ന്റെ മുത്തുമണികള്‍ മഖ്ദൂം തപ്പിയെടുത്തു. പൂര്‍ണ്ണമായും തസ്വവ്വുഫി (സൂഫിസം) ലധിഷ്ഠിതമായിരുന്നു ശൈഖ് സൈനുദ്ദീന്റെ ജീവിതം. ശൈഖ് ഖുതുബുദ്ദീനില്‍ നിന്നാണ് അദ്ദേഹം ആത്മീയ ജ്ഞാനം ഗ്രഹിച്ചുതുടങ്ങുന്നത്. അദ്ദേഹം ഖാദിരി-ചിശ്തി തരീഖത്തുകളില്‍ ശൈഖ് സൈനുദ്ദീന് പ്രവേശം നല്‍കി. തരീഖത്തു കീഴ്‌വഴക്കം അനുസരിച്ച് ശൈഖ് തന്റെ മുരീദി (ആത്മീയശിഷ്യന്‍)നു നല്‍കുന്ന ഖിര്‍ഖ (സ്ഥാനവസ്ത്രം) ശൈഖ് സൈനുദ്ദീന് ലഭിച്ചു. സൂക്ഷ്മവും അനുകരണീയവുമായിരുന്നു ശൈഖ് മഖ്ദൂമിന്റെ ജീവിതം. ദൈവ സ്മരണയിലും സേവനത്തിലുമായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം സമയം കൃത്യമായി വിഭജിച്ച് ക്രമാനുഗതം വിനിയോഗിച്ചു.
ഉപരിപഠനാനന്തരം പ്രബോധന രംഗത്തും നവോത്ഥാനമേഖലയിലും സ്ഥിര പ്രതിഷ്ഠ നേടിയ ശൈഖ് സൈനുദ്ദീന് തദ്ദേശീയരുടെ ആദരവും ബഹുമാനവും ആവോളം ലഭിച്ചു. തദ്ദേശീയര്‍ മഖ്ദൂമില്‍ ശരിയായ ഒരു മാര്‍ഗ നിര്‍ദ്ദേശകനെ കണ്ടെത്തി. പ്രസിദ്ധമായ പൊന്നാനി വലിയ ജുമാമസ്ജിദ് പണികഴിപ്പിക്കാന്‍ മഖ്ദൂം നേതൃത്വം നല്‍കി. തദ്ദേശവാസികള്‍ എല്ലാ നിലക്കും സഹകരിച്ചു; സഹായിച്ചു.പൊന്നാനിയിലെ പൂര്‍വ്വിക തറവാട്ടുകാരായ പഴയകത്ത് വീട്ടുകാര്‍ തങ്ങളുടെ എട്ടുകെട്ട് വീട് മഖ്ദൂമിന് നല്‍കി. ആ വീട് പിന്നീട് മഖ്ദൂമിന്റെ പേര് ചേര്‍ത്ത് മഖ്ദൂം പഴയകമെന്ന് അറിയപ്പെട്ടു. വീടിന്റെ വേലിക്കകത്ത് പള്ളിയും സ്ഥാപിച്ചു. വേലിക്കകത്തെ പള്ളിയായതിനാല്‍ ആദ്യകാലത്ത് അകത്തെ പള്ളിയെന്നും ഇപ്പോള്‍ മഖ്ദൂമിയ അകത്തെപള്ളി എന്നുമാണ് അറിയപ്പെടുന്നത്. മഖ്ദൂം തഹ്‌രീള് എന്ന കൃതി രചിച്ചതും വലിയ പള്ളി നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചതും ഇവിടെ വച്ചാണ്. വീട് നിന്നിരുന്ന സ്ഥലത്ത് മഖ്ദൂമിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
വാസ്‌കോഡിഗാമയുടെ ആഗമനത്തെ തുടര്‍ന്ന് എ.ഡി 1500കളുടെ ആദ്യം മുതല്‍ പോര്‍ച്ചുഗീസുകാരുടെ ക്രൂരമര്‍ദ്ദനങ്ങളും മൃഗീയ നരനായാട്ടിനും കേരളവും പ്രത്യേകിച്ച് പൊന്നാനിയും പലവട്ടം വേദിയായിട്ടുണ്ട്. തന്മൂലം മതപണ്ഡിതനായ അദ്ദേഹം വിജ്ഞാനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനപ്പുറം സാമൂഹിക ബാധ്യത എന്ന നിലയില്‍ സാമ്രാജ്യത്വത്തിനെതിരെ സാമൂതിരിയെ സഹായിക്കാനും രാഷ്ട്രീയപരമായ ഇടപെടലുകളിലൂടെ നാട്ടിനു ഭവിച്ച ഭീഷണി പ്രതിരോധിക്കാനും തയ്യാറായി. വിദേശ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് സാമൂതിരി നിര്‍ദ്ദേശപ്രകാരം കത്തുകളും അയച്ചു. പറങ്കികള്‍ക്കെതിരെ സാമൂതിരിയുമായി സഹകരിച്ച് ജിഹാദ് (ധര്‍മ്മ യുദ്ധം) നടത്താന്‍ ശൈഖ് സൈനുദ്ദീന്‍ ആഹ്വാനം ചെയ്ത് തഹ്‌രീള് അഹ്‌ലില്‍ ഇമാന്‍ എന്ന പേരില്‍ കാവ്യ സമാഹാരം തന്നെ രചിച്ച്. മുസ്‌ലീം മഹല്ലുകളിലും ഇന്ത്യക്കകത്തും പുറത്തും ഭരണാധികാരികള്‍ക്കും എത്തിച്ചുകൊടുത്തു. മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങള്‍ നടത്തി. ചിന്താദീപവും വിപ്ലവസ്വരവുമുള്ള ആ കാവ്യം പോര്‍ച്ചുഗീസുകാര്‍ക്കെതിരെ, സാമ്രാജ്യശക്തികള്‍ക്കെതിരെ രചിക്കപ്പെട്ട ആദ്യത്തെ കൃതിയാണ്. തന്റെ ബാല്യകാല സുഹൃത്തും ജന്മദേശക്കാരനുമായ കുഞ്ഞാലി മരക്കാര്‍ ഒന്നാമനെ പൊന്നാനിയിലേക്ക് ക്ഷണിച്ച് സാമൂതിരിയുടെ നേതൃത്വത്തില്‍ അധിനിവേശവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കി.
അറബിയില്‍ വൃത്തവും പ്രാസവും ചേരുംപടി ചേര്‍ത്തിട്ടുള്ള തഹ്‌രീള് 1996 ല്‍ അല്‍ഹുദാ പബ്ലിക്കേഷന്‍സാണ് ആദ്യമായി പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക്ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്ന പ്രൊഫ. കെ.എം. മുഹമ്മദ് ഇംഗ്ലീഷില്‍ വിവര്‍ത്തനവും വിശദീകരണവും രചിച്ചിട്ടുണ്ട്. ഈ വിവര്‍ത്തനം മലയാളത്തിലേക്ക് രാധാകൃഷ്ണന്‍ കടവനാട് മൊഴിമാറ്റം നടത്തി തന്റെ കവിത സമാഹാരമായ ജിഹാദ് പ്രണയം സാക്ഷാത്കാരം എന്ന കൃതിയില്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിജ്ഞാന പ്രചരണമായിരുന്നു തന്റെ മുഖ്യ സേവനം. വിദ്യ അഭ്യസിക്കല്‍ നിഷേധിക്കപ്പെട്ട ഒരു വിഭാഗം കേരളീയരെ ഇസ്‌ലാമിലേക്ക് പ്രവേശം നല്‍കി വിദ്യയുടെ വിളക്കത്തിരുത്തി. മുസ്‌ലിം ബഹുജനങ്ങളെ ചൈതന്യവക്താക്കളാക്കിയതും മഖ്ദൂം തന്നെ. കോഴിക്കോടും ചാലിയത്തും മലബാറിന്റെ ചില പ്രദേശങ്ങളില്‍ ദര്‍സ്സുകള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍നിന്നെല്ലാം പരിഷ്‌ക്കരിച്ച സിലബസ്സാണ് മഖ്ദൂം പ്രയോഗത്തില്‍ നടപ്പാക്കിയത്. അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സിലേക്ക് മലബാറിലെ നാനാ ഭാഗത്തുനിന്നും പരദേശത്ത് നിന്നും വിജ്ഞാന ദാഹികളെത്തി.

chandrika: