ദുബൈ: ഇന്ത്യയെ ഇത് വരെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല പാക്കിസ്താന്. അവരുടെ നായകന്‍ ബബര്‍ അസം പറയുന്നില്ല ഇന്ന് ചരിത്രം രചിക്കുമെന്ന്…. പാക് ടീമിന്റെ മെന്‍ഡറായ മാത്യു ഹെയ്ഡന്‍ പറയുന്നത് മല്‍സരം കേമമായിരിക്കുമെന്നാണ്…. ഇത് തന്നെയാണ് ഇന്നത്തെ ഇന്ത്യ-പാക്കിസ്താന്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്.

ക്രിക്കറ്റ് ലോകം കാത്തുകാത്തിരിക്കുന്ന അയല്‍ക്കാരുടെ അങ്കം വൈകീട്ട് 7-30 മുതല്‍. വിരാത് കോലി നയിക്കുന്ന ഇന്ത്യക്ക് തന്നെയാണ് വ്യക്തമായ മേല്‍ക്കൈ. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം അനുഭവ സമ്പന്നര്‍. സമീപകാല വിജയ ശരാശരിയിലും കേമം. പാക്കിസ്താനെ നേരിടുമ്പോള്‍ പതിവായി പ്രകടിപ്പിക്കുന്ന അധിക ഊര്‍ജ്ജവുമാവുമ്പോള്‍ മണലാരണ്യത്തില്‍ കോലിക്ക് പേടിക്കാനില്ല. പക്ഷേ ബബറിന്റെ പാക് സംഘത്തില്‍ യുവതാരങ്ങളാണ്. ഇന്നലെ അവര്‍ അവസാന 12 പ്രഖ്യാപിക്കുകയും ചെയ്തത് ആത്മവിശ്വാസത്തോടെയാണ്. മൂന്ന് സീനിയേഴ്‌സിനെ ധൈര്യത്തില്‍ മാറ്റി നിര്‍ത്തി. സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് വാസിം, മുഹമ്മദ് നവാസ് എന്നിവരെ. ഇതിനര്‍ത്ഥം മൂന്ന് സീമര്‍മാര്‍-ഷാഹിന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി എന്നിവര്‍ക്കൊപ്പം സ്പിന്നര്‍മാരായ ഇമാദ് വാസിമും ഷദാബ് ഖാനും ആദ്യ ഇലവനില്‍ വരും. ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡുള്ള രണ്ട് സീനിയേഴ്‌സ്- മുഹമ്മദ് ഹാഫിസും ഷുഹൈബ് മാലിക്കും കളിച്ചേക്കും. 21 കാരനായ ഹൈദര്‍ അലി മധ്യനിരയില്‍ വന്നാല്‍ മാത്രമായിരിക്കും സീനിയേഴ്‌സില്‍ ഒരാള്‍ പുറത്താവുക. വാം അപ്പ് മല്‍സരത്തില്‍ കളിച്ച മുന്‍നിരയില്‍ മാറ്റമുണ്ടാവില്ല എന്ന് മിസ്ബാഹുല്‍ ഹഖ് വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ധിത വിശ്വാസത്തിലാണ് ഇന്ത്യ. വിരാത് കോലിക്ക് ടി-20 നായകന്‍ എന്ന നിലയില്‍ അവസാന ചാമ്പ്യന്‍ഷിപ്പ്. ഇത് വരെ ഐ.സി.സി കിരീടമില്ലാത്ത നായകന്‍ എന്ന അപഖ്യാതി അകറ്റണം. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ശക്തമാണ്. രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ഇന്നിംഗ്‌സിന് തുടക്കമിടും. വിരാത് മൂന്നാം നമ്പറില്‍ വരുമ്പോല്‍ സൂര്യകുമാര്‍ യാദവ്, റിഷാഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവിന്ദു ജഡേജ എന്നിവര്‍ അടുത്ത സ്ഥാനങ്ങളിലുണ്ടാവും. ബൗളിംഗില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നീ അനുഭവ സമ്പന്നരാണ് ആയുധങ്ങള്‍. സ്പിന്നര്‍മാരായി മൂന്ന് പേര്‍ കളിക്കാനാണ് സാധ്യത. രവിചന്ദ്രന്‍ അശ്വിനൊപ്പം യൂസവേന്ദ്ര ചാഹല്‍. ഓള്‍റൗണ്ട് കരുത്തുള്ള ജഡേജയും പന്തെറിയും. ദുബൈ പിച്ച് പക്ഷേ വേഗക്കുറവുള്ളതാണ്. വലിയ സ്‌ക്കോര്‍ എളുപ്പമായിരിക്കില്ല. ഇന്നലെ ഇതേ ട്രാക്കില്‍ വിന്‍ഡീസ് 55 ന്് പുറത്തായത് മറക്കരുത്.

ഇന്ത്യ: വിരാത് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, സുര്യകുമാര്‍ യാദവ്, റിഷാഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, രവിന്ദു ജഡേജ, യൂസവേന്ദ്ര ചാഹല്‍, അശ്വിന്‍.

പാക്കിസ്താന്‍: ബബര്‍ അസം (ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖാര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്‌വാന്‍, ഇമാദ് വാസിം, മുഹമ്മദ് ഹാഫിസ്, ഷഹദാബ് ഖാന്‍, ഷുഹൈബ് മലിക്, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷാഹിന്‍ അലി, ഷാഹിന്‍ അലി അഫ്രീദി.