ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ‘കാന്ത’ ഓ.ടി.ടി റിലീസിനൊരുങ്ങുന്നു. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഡിസംബര്‍ 12ന് നെറ്റ്ഫ്‌ളിക്‌സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സ്ട്രീം ചെയ്യും1950കളിലെ മദ്രാസിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍സ്റ്റാര്‍ ടി.കെ. മഹാദേവന്റെ ജീവിതമാണ് കഥയുടെ ആസ്പദം. സ്പിരിറ്റ് മീഡിയയും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2022ലെ ഹേ സിനാമിയെ തുടര്‍ന്ന് ദുല്‍ഖറിന്റെ തമിഴ് സിനിമയിലേക്കുള്ള പ്രധാന തിരിച്ചുവരവായാണ് ചിത്രത്തെ കാണുന്നത്. ചിത്രത്തിന് പ്രചോദനമായി കണക്കാക്കുന്നത് പഴയകാല സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതരുടെ കരിയറാണ്. എന്നാല്‍, അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഭാഗവതതുടെ ചെറുമകന്‍ കോടതിയെ സമീപിച്ചിരുന്നു. ത്യാഗരാജനെ മോശം സ്വഭാവക്കാരനായി ദാരിദ്ര്യത്തില്‍ ജീവിച്ചവനായി വരച്ചുകാട്ടിയതാണെന്നും അതിനെതിരെ നിയമനടപടി ആവശ്യപ്പെട്ടുമാണ് ഹരജി. അതേസമയം കാന്ത യഥാര്‍ത്ഥ വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയതല്ലെന്നും പൂര്‍ണമായും സാങ്കല്‍പ്പികമായ കഥയാണെന്നും ദുല്‍ഖര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. റിലീസിന്റെ ആദ്യ ദിവസം നാല് കോടി രൂപ വരുമാനമാണ് ചിത്രം കരസ്ഥമാക്കിയത്. ദുല്‍ഖറിന്റെ മുന്‍ഹിറ്റായ ലക്കി ഭാസ്‌കറിന്റെ ആദ്യ ദിന കളക്ഷനായ 8.45 കോടിയുടെ പകുതി മാത്രമാണ് ഇത്. ചിത്രത്തിന്റെ മന്ദഗതിയും രണ്ടാം പകുതിയിലെ കുറവുകളും വിമര്‍ശനങ്ങള്‍ക്ക് ഇടയായെങ്കിലും ദുല്‍ഖറിന്റെ പ്രകടനം ഒരേസ്വരത്തില്‍ പ്രശംസിക്കപ്പെട്ടു.