ഹൈദരാബാദ്: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം റോഡില്‍ കിടക്കുന്നത് കണ്ടിട്ടും കാര്‍ നിര്‍ത്താതെ കടന്നുപോയ തെലങ്കാന പട്ടികവര്‍ഗ ക്ഷേമ മന്ത്രി അസ്മീര ചന്ദുലാലിയുടെ നടപടി വിവാദത്തില്‍. ജയശങ്കര്‍ ഭൂപാലപള്ളി ജില്ലയിലെ പാലംപേട്ട് ഗ്രാമത്തിലായിരുന്നു സംഭവം.

അമിതവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചാണ് ബൈക്ക് യാത്രികരായിരുന്ന യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം രാമപ്പ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തദുരി മധുസൂധന ചാരിയെന്ന 30കാരനാണ് മരിച്ചത്. രണ്ട് പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

തദുരിയേയും പരുക്കേറ്റവരേയും ആസ്പത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ വാഹനം തേടവെയാണ് മന്ത്രിയുടെ വാഹനവ്യൂഹം അതുവഴി വന്നത്. എന്നാല്‍ മൃതദേഹം റോഡില്‍ കിടക്കുന്നത് കണ്ടിട്ടും നിര്‍ത്താതെ മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി. നടപടി മനുഷ്യത്വരഹിതമാണെന്ന് ദൃക്സാക്ഷികള്‍ കുറ്റപ്പെടുത്തി. മന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലത്തായിരുന്നു അപകടം. ഒടുവില്‍ പൊലീസെത്തിയാണ് പരുക്കേറ്റവരെ ആസ്പത്രിയില്‍ എത്തിച്ചത്. മൃതദേഹത്തിന് സമീപത്ത് കൂടി പാഞ്ഞുപോകുന്ന മന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. അതേസമയം ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി. മൃതദേഹം കണ്ടിരുന്നുവെന്നും തിരക്കിട്ട കാര്യത്തിന് പോകേണ്ടതിനാലാണ് വാഹനം നിര്‍ത്താതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.