ന്യൂഡല്‍ഹി: ഹാപ്പിയാണ് വീരേന്ദര്‍ സേവാഗ്. ഇത് വരെ താന്‍ മാത്രം അംഗമായ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ 300 ക്ലബില്‍ ഒരു പിന്‍ഗാമിയെ ലഭിച്ചതിലാണ് ട്വിറ്ററിലുടെ വീരു സന്തോഷം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ റെക്കോര്‍ഡിന്റെ ഉടമയാണ് നജഫ്ഗറുകാരന്‍. രണ്ട് തവണയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സ്വന്തമാക്കിയത്. 2003-04 ലെ പാക്കിസ്താനെതിരായ പരമ്പരയില്‍ മുള്‍ത്താനില്‍ വെച്ചായിരുന്നു ആദ്യ ട്രിപ്പിള്‍. ഇന്ത്യ-പാക്കിസ്താന്‍ ക്രിക്കറ്റ് ബന്ധം ഇടവേളക്ക് ശേഷം ശക്തി പ്രാപിച്ചു വന്ന സമയത്തെ ആ പരമ്പരയില്‍ നിറഞ്ഞ് നിന്നത് ഈ തട്ടുതകര്‍പ്പന്‍ ഓപ്പണറായിരുന്നു. 2007-08 സീസണിലെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും അദ്ദേഹം ട്രിപ്പിള്‍ തികച്ചു. അതേ ചിദംബംരം സ്‌റ്റേഡിയത്തിലാണ് ഇപ്പോള്‍ കരുണ്‍ നായറും ട്രിപ്പിള്‍ നേടിയിരിക്കുന്നത്.