X
    Categories: Culture

കശ്മീര്‍ യുവാക്കള്‍ കല്ലെറിയുന്നത് ആര്‍ക്കുവേണ്ടി

 
ബുര്‍ഹാന്‍ വാനിയുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ (ജൂലൈ 2016) വ്യാപകമായ കശ്മീരിലെ കലാപത്തിനു ശമനമായെന്നു തോന്നുന്നില്ല. ശക്തമായി നിലനില്‍ക്കുന്ന കലാപം ഉപതെരഞ്ഞെടുപ്പില്‍ (ഏപ്രില്‍ 2017) വരെ പ്രതിഫലിച്ചിരിക്കുകയാണ്. 7.14 ശതമാനം വോട്ട് മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പിലുടനീളം അക്രമങ്ങള്‍ അരങ്ങേറുകയും നിരവധി സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും മരിക്കുകയും ചെയ്തു. വാഹനത്തിനു കല്ലെറിയുന്നത് തടയാന്‍ ഒരു കശ്മീര്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് റോന്തു ചുറ്റിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇടവേളയുണ്ടായിട്ടും ഇത്തരം കല്ലേറുകള്‍ അവസാനിപ്പിക്കാനായിട്ടില്ല. കല്ലേറില്‍ ഏര്‍പ്പെടുന്ന യുവാക്കള്‍ അവരുടെ പ്രവൃത്തിയെ വിവിധ കോണിലൂടെയാണ് നോക്കിക്കാണുന്നത്. അവരുടെ രാഷ്ട്രത്തിനായാണ് ഇത്തരം യുവാക്കള്‍ കല്ലെറിയുന്നതെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഫാറൂഖ് അബ്ദുല്ല പ്രസ്താവന നടത്തിയത്. വിവിധ തലങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പുള്ള പ്രസ്താവന മാത്രമായി പിന്നീട് ഇതിനെ എല്ലാവരും അവഗണിച്ചു.
കല്ലേറിനെ മറ്റൊരു കോണിലൂടെ വീക്ഷിച്ചാല്‍; മാധ്യമ വാര്‍ത്തകളില്‍ നിന്ന് പെറുക്കിയെടുത്താല്‍, ഇത് പാക്കിസ്താന്‍ അനുകൂല ഘടകങ്ങളാണെന്നു വ്യക്തമാകും. പാക്കിസ്താനാണ് അവര്‍ക്ക് പ്രേരണ നല്‍കുന്നത്. പണത്തിനു വേണ്ടിയാണ് ഇവര്‍ കല്ലെറിയുന്നത്. കശ്മീരില്‍ ഇത്തരത്തില്‍ കല്ലെറിയല്‍ ഒരു പ്രതിഷേധ മാര്‍ഗമായിട്ട് കാലങ്ങളായി. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത് വളരെ പ്രകടമായി കാണുന്നുണ്ട്. ഒരു വശത്ത് തീവ്രവാദികളുടെ ഭീഷണിയും മറുവശത്ത് സൈനിക നടപടികളുമാകുമ്പോള്‍ യുവാക്കള്‍ക്ക് പ്രതിരോധിക്കാനും മനോവേദന കുറയ്ക്കാനും തുണയാകുന്നത് ഇത്തരം കല്ലേറുകളാണ്. അടിച്ചമര്‍ത്തല്‍ അതികഠിനമാകുന്നതോടെയാണ് അവരുടെ പ്രവൃത്തി വര്‍ധിക്കുന്നതെന്ന വ്യക്തമായ ക്രമം കാണാനാകും. പ്രമാദമായ തൂക്കിക്കൊലകള്‍ക്കോ കൊലപാതകങ്ങള്‍ക്കോ ശേഷം അവര്‍ കൂടുതല്‍ തീവ്രമാകും. ഉദാഹരണത്തിന് മഖ്ബൂല്‍ ഭട്ട് (1984), അഫ്‌സല്‍ ഗുരു (2013) എന്നിവരെ തൂക്കിലേറ്റിയ ശേഷവും ഇപ്പോള്‍ ബുര്‍ഹാന്‍ വാനിയുടെ (2016) വധത്തിനു ശേഷവും ഇവര്‍ കൂടുതല്‍ ശക്തമായിരുന്നു.
കല്ലേറു നടത്തുന്ന ഈ യുവാക്കള്‍ ആരാണ്? പാക്കിസ്താന്റെ പ്രേരണകൊണ്ട് പണത്തിനു വേണ്ടി മാത്രമാണോ ഇവര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്? അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് താഴ്‌വരയില്‍ നൂറുകണക്കിനു ആളുകളാണ് മരണത്തിനു കീഴടങ്ങിയത്. ആയിരക്കണക്കിനു യുവാക്കള്‍ക്ക് പരിക്കേല്‍ക്കുന്നു. ഇവരില്‍ പലരുടെയും കാഴ്ച ശക്തി നഷ്ടമായി. പാക്കിസ്താന്റെ പങ്കും പണം സ്വീകരിക്കുന്ന വഴിയുമന്വേഷിച്ച് ഒരു വിഭാഗം ടെലിവിഷന്‍ ചാനലുകാരും മാധ്യമങ്ങളും ചുറ്റികയും ചവണയുമൊക്കെയായി പുറപ്പെട്ടിരുന്നു. ഏതാനും ചില്ലിക്കാശിനു വേണ്ടി കണ്ണുകള്‍ നഷ്ടപ്പെടുത്തിയും അല്ലെങ്കില്‍ ഏതെങ്കിലും ശരീരം തകര്‍ന്നും യുവാക്കള്‍ അവരുടെ ജീവിതം വെച്ചുതന്നെ അപകടം വരുത്തുമോ എന്നതു സംബന്ധിച്ച് ആത്മപരിശോധന നടത്തേണ്ടത് ആരാണെന്നതാണ് ചോദ്യം. അവരില്‍ പലരും കൗമാരക്കാരും സാങ്കേതിക വിദഗ്ധരും കടുത്ത വിദ്വേഷമുള്ളവരുമാണ്. ഇത്തരക്കാര്‍ അവരുടെ ഭാവി നോക്കാതെ അപകടകരമായ നീക്കങ്ങള്‍ക്ക് മുതിരും. അവരിലെ നിരാശയുടെ അളവ് നമ്മെ പേടിപ്പിക്കുന്ന തരത്തിലാണ്.
വളരെ ചെറിയ വിഭാഗം മാധ്യമങ്ങള്‍ മാത്രമാണ് അവരുടെ പ്രശ്‌നങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നതും അവരില്‍പെട്ട ചിലരുമായി അഭിമുഖം നടത്തിയതും. അവരുടെ അനുഭവ കഥകളും തകര്‍ന്ന വികാരങ്ങളും കശ്മീരിലെ ക്രമസമാധാന നില സംബന്ധിച്ച ധാരണകളും അവ വ്യക്തമാക്കുന്നു. പല തരത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു അവരില്‍ പലരും. യുവാക്കള്‍ക്ക് പീഡനത്തിന്റെയും അടിയുടെയും പലതരം അപമാനങ്ങളുടെയും അനുഭവങ്ങളുള്ളതിനാലാണ് പ്രതികാരമെന്ന നിലയില്‍ അവര്‍ കല്ലേറിലേക്ക് തിരിഞ്ഞത്. ഇതാണ് പ്രതിഷേധത്തിനു പറ്റിയ ശക്തമായ ഏക വഴിയെന്ന തോന്നലാണവര്‍ക്ക്. അവരില്‍ പലരും പാക്കിസ്താന്‍ അനുകൂലികളാണെന്നത് ഉറപ്പാണെങ്കിലും ആഴത്തില്‍ മനസിലാക്കേണ്ടത് അവര്‍ക്കിടയിലെ അന്യവത്കരണമാണ് ഇതിനൊക്കെ അടിസ്ഥാന കാരണമെന്നാണ്.
ബുര്‍ഹാന്‍ വാനിയുടെ മരണത്തിനു ശേഷം കശ്മീര്‍ കേന്ദ്രമായുള്ള പി.ഡി.പിയോ അല്ലെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സോ സാഹചര്യം അതി തീവ്രമാക്കാനാണ് ശ്രമിച്ചതെന്ന് കാണാന്‍ കഴിയും. മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിഘടനവാദികളുമായി ചര്‍ച്ചക്കു തയാറായെങ്കിലും അവരുടെ സഖ്യ സര്‍ക്കാറിലെ കക്ഷിയും കേന്ദ്ര ഭരണത്തിനു നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ബി.ജെ.പി ഈ ആശയത്തോട് വിയോജിക്കുകയായിരുന്നു. ചര്‍ച്ചകളാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏക പോംവഴിയെന്ന് മെഹബൂബ കരുതിയപ്പോള്‍ ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണിതെന്നാണ് ബി.ജെ.പി കരുതുന്നത്. വിഘടനവാദികളുമായി ബി.ജെ.പി കര്‍ക്കശ നിലപാട് തുടരുമ്പോള്‍ അവര്‍ക്ക് പാക്കിസ്താന്റെയോ മറ്റു തീവ്രവാദ ഗ്രൂപ്പുകളുടെയോ സഹായം ആവശ്യമായി വരികയും അടിച്ചമര്‍ത്തല്‍ ശക്തമാകുകയുമാണ്.
അശാന്തമായ ഇന്നത്തെ സാഹചര്യത്തില്‍ സമാധാനത്തിനു വേണ്ടി മുമ്പ് നടത്തിയ ശ്രമങ്ങള്‍ ഓര്‍ക്കത്തക്കതായുള്ളതെന്താണ്? താഴ്‌വരയിലെ സ്ഥിതിഗതികള്‍ മനസിലാക്കാനും പരിഹാര നടപടികള്‍ നിര്‍ദേശിക്കാനുമായി ഒരു സംഘത്തെ നിയമിച്ച രണ്ടാം യു.പി.എ സര്‍ക്കാറിന്റെ നീക്കമാണ് ഇതില്‍ പ്രധാനം. കശ്മീര്‍ നിയമസഭയുടെ സ്വയംഭരണാവകാശം, വിഘടനവാദികളുമായി ചര്‍ച്ച ആരംഭിക്കുക, പാക്കിസ്താനുമായും ചര്‍ച്ച നടത്തുക, സായുധ സേനയുടെ പ്രത്യേകാധികാര നിയമങ്ങള്‍ പിന്‍വലിക്കുന്നതുള്‍പെടെയുള്ള പരിഹാര മാര്‍ഗങ്ങളാണ് പ്രമുഖരടങ്ങിയ സംഘം നിര്‍ദേശിച്ചത്.
കശ്മീരിലെ ഇന്നത്തെ അവസ്ഥ ഗുരുതരമാണ്. കേന്ദ്ര സര്‍ക്കാറിന്റെ നിരന്തര ഇടപെടല്‍ ഓരോ ദിനം കഴിയുംതോറും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. താഴ്‌വരയില്‍ നിര്‍ണായക സമാധാനം സാധ്യമാകണമെങ്കില്‍ കശ്മീര്‍ മുഖ്യമന്ത്രിയായാലും ശൈഖ് അബ്ദുല്ല പോലുള്ള ജനങ്ങളുടെ പ്രതിനിധികളായാലും അനുനയനത്തിനു വഴങ്ങുകയേ മാര്‍ഗമുള്ളൂ. കശ്മീര്‍ ജനതയുടെ മനസും ഹൃദയവും കീഴടക്കുന്നതിലൂടെയേ ഉറച്ച സമാധാനം കൈവരികയുള്ളു. അല്ലാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീവ്ര ദേശീയ പ്രവര്‍ത്തനങ്ങള്‍ അവിടെ പ്രായോഗികമല്ല.

chandrika: