X

സര്‍ക്കാരിന്റെ വീഴ്ചകൊണ്ട് റേഷനരി മുടങ്ങരുത്

രണ്ടുവര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള പുതിയ റേഷന്‍ സംവിധാനത്തിന് സംസ്ഥാനത്ത് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചെങ്കിലും ഇതുപ്രകാരം ലഭിക്കേണ്ട ധാന്യങ്ങള്‍ സംബന്ധിച്ച് കടുത്ത അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ (ബി.പി.എല്‍) പേരുമാറ്റി മുന്‍ ഗണനാപട്ടികയിലാക്കിയാണ് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. സൗജന്യമായി ഭക്ഷ്യധാന്യം നല്‍കുന്നതിന് സംസ്ഥാനത്ത് 1.54 കോടി റേഷന്‍ കാര്‍ഡുടമകളെയാണ് ഇതിനകം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കും ഇതിനുപുറത്തുള്ളവര്‍ക്കും ഇന്നലെ മുതല്‍ ലഭിച്ചു തുടങ്ങേണ്ട റേഷന്‍ ധാന്യങ്ങള്‍ എന്നു മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാരിന് പോലും തിട്ടമില്ലാതായിരിക്കയാണ്. മുന്‍ഗണനാ, അന്ത്യോദയാ ഇനത്തിലായി കേരളത്തിന് മൂന്നരക്കോടി കിലോ ധാന്യമാണ് വേണ്ടത്. ഇതില്‍ പകുതി മാത്രമാണ് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.

1.54 കോടി പേര്‍ക്ക് സൗജന്യമായും 1.21 കോടി പേര്‍ക്ക് രണ്ടു രൂപക്കും അരി നല്‍കാനാണ് കേരളം തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പുറത്തിറക്കിയ കരടു പട്ടിക പ്രകാരം 1.54 കോടി പേരുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പരാതി 1,47,947 ആണ്. ഇതിന്മേല്‍ പരിശോധന നടന്നു വരികയാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയില്‍ അരി വിതരണം ഉടന്‍ തുടങ്ങാനാവില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ ന്യായം. ഫലത്തില്‍ ഈ മാസം മുതല്‍ അരി നല്‍കുന്നത് അനിശ്ചിതത്വത്തിലായിരിക്കയാണ്. കേന്ദ്ര നിയമം നടപ്പാക്കാത്തുതുമൂലം ഒക്ടോബറിലാണ് കേന്ദ്രം പൊടുന്നനെ കേരളത്തിനുള്ള എ.പി.എല്‍ അരി വിഹിതം വെട്ടിക്കുറച്ചത്. നവംബര്‍ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുമെന്ന ഉറപ്പിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പ്രകാരം അരി അനുവദിക്കുന്നത് തുടര്‍ന്നെങ്കിലും ഇന്നലത്തോടെ ഇത് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ റേഷന്‍ കടയില്‍ ചെല്ലുന്നവര്‍ക്ക് കഴിഞ്ഞ മാസത്തെ അരിയാണ് നല്‍കുന്നത്. പല റേഷന്‍ കടകളിലും അതും നല്‍കാത്ത സ്ഥിതിയുണ്ട്. മുന്‍ഗണനാ പട്ടികയില്‍ പെട്ടവര്‍ക്ക് രണ്ടു ദിവസത്തിനകം അരി നല്‍കിയാലും മറ്റുള്ളവരുടെ കാര്യം തീര്‍ച്ചയില്ല.

പട്ടികയുടെ പരിശോധന പൂര്‍ത്തിയാകാന്‍ ഇനിയും കാലതാമസമെടുക്കുമെന്നാണ് തിരുവനന്തപുരത്തുനിന്നുള്ള വിവരം. മൂന്നു വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡുകള്‍ അടുത്ത ഫെബ്രുവരിയോടെ പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്പോള്‍ പോലും പ്രശ്‌നം തീരില്ലെന്നാണ് കരുതേണ്ടത്. നിലവിലെ റേഷന്‍ കാര്‍ഡുകളില്‍ താല്‍ക്കാലികമായി സീല്‍ പതിച്ചുനല്‍കാനാണ് ആലോചന. ഇതും പരാതിക്കിടയാക്കും. ഫലത്തില്‍ പദ്ധതി നടപ്പാക്കാന്‍ കേരളം ബുദ്ധിമുട്ടുമെന്നത് തീര്‍ച്ചയാണ്.

മുന്‍ഗണനാ പട്ടികയില്‍ 15 ലക്ഷത്തോളം അനര്‍ഹര്‍ കയറിപ്പറ്റിയെന്ന ആരോപണമുണ്ട്്. ഇതിന് കര്‍ശന പരിശോധന ആവശ്യമാണ്. ഇതെപ്പോള്‍ പൂര്‍ത്തിയാകുമെന്ന് കണ്ടുതന്നെ അറിയണം. മുന്‍ഗണനാപട്ടികയില്‍ നിന്ന് അര്‍ഹര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന പരാതിയും സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. ഈ ആശങ്കയിലാണ് പരാതി നല്‍കാനായി കഴിഞ്ഞ മാസം അവസാനം വന്‍ ജനക്കൂട്ടം റേഷന്‍ കടകളിലും സിവില്‍ സപ്ലൈസ് ഓഫീസുകളിലുമായി എത്തിയത്. താലൂക്ക് തലത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിരുന്നെങ്കില്‍ ഇത്രയും പരാതികളും പരിശോധനകളും വേണ്ടിവരില്ലായിരുന്നു. മുന്‍ഗണനാ പട്ടികയില്‍ പെടാത്ത 1.88 കോടി പേരില്‍ നിന്ന് 27 ലക്ഷം കുടുംബങ്ങളിലെ 1.21 കോടി പേര്‍ക്ക് രണ്ടു രൂപ നിരക്കില്‍ രണ്ടുകിലോ അരി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെയും എങ്ങനെ കണ്ടെത്തുമെന്ന് തീര്‍ച്ചയില്ല. ബാക്കിയുള്ള 67000 പേര്‍ക്കാണ് രണ്ടു കിലോ വീതം 8.50 രൂപ നിരക്കില്‍ അരിയും 6.50 രൂപക്ക് ഗോതമ്പും നല്‍കുക.

ഏപ്രില്‍ ഒന്നുമുതല്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കാനാണ് തീരുമാനം. കടകള്‍ കംപ്യൂട്ടര്‍വത്കരിക്കാനും നവീകരിക്കാനും കേന്ദ്രം സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാര്‍ഡുടമകള്‍ക്ക് പാചക വാതകത്തിലേതു പോലെ മൊബൈല്‍ ഫോണില്‍ വിവരങ്ങള്‍ നല്‍കുന്നതിനും സംവിധാനമുണ്ടാകുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് 14000 റേഷന്‍ കടകളാണുള്ളത്. പുതിയ സംവിധാന വരുമ്പോള്‍ തങ്ങളുടെ വരുമാനം ഗണ്യമായി കുറയുമെന്നും പകരം വേതനം വര്‍ധിപ്പിച്ചു നല്‍കണമെന്നുമാണ് കടയുടമകളുടെ ആവശ്യം. ഇതുസംബന്ധിച്ചും തീരുമാനം അന്തിമമായിട്ടില്ല. അതോടൊപ്പം നിലവില്‍ പൊതു വിതരണ സമ്പ്രദായത്തില്‍ നടന്നുവരുന്ന അനഭിലഷണീയമായ ഒട്ടേറെ പ്രവണതകളുണ്ട്. എഫ്.സി. ഐയില്‍ നിന്ന് റേഷന്‍ കടകളിലേക്ക് പകരം സ്വകാര്യ മില്ലുകളിലേക്ക് മറിച്ചു കടത്തുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി കണ്ടെത്തി പിടിച്ചെടുത്തത്. ഇതുതടയാനും വാതില്‍ പടിക്കല്‍ ഇവയെത്തിക്കുന്ന നടപടി സഹായകമാകുമെന്ന് കരുതപ്പെടുന്നു. കരിഞ്ചന്ത വ്യാപാരികളില്‍ നിന്ന് ഉദ്യോഗസ്ഥരിലേക്ക് മാറുന്നതാവുകയുമരുത് പുതിയ നടപടി.

രാജ്യത്തെ 128 കോടി ജനങ്ങളില്‍ 81.34 കോടി പേര്‍ക്ക് രണ്ടുരൂപ നിരക്കില്‍ റേഷനരി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 44.5 ലക്ഷം ടണ്‍ ധാന്യത്തിനായി രാജ്യത്ത് 1,34,837 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പുവര്‍ഷം നീക്കിവെച്ചിരിക്കുന്നത്. പ്രതിമാസം വേണ്ടത് 11,276 കോടിയും. രാജ്യത്തെ 42 ശതമാനം പേര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അര്‍ഹര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെന്നതുപോലെ തന്നെ പ്രധാനമാണ് അനര്‍ഹര്‍ അത് കൈപ്പറ്റരുതെന്ന് ഉറപ്പുവരുത്തേണ്ടതും. കേരളത്തില്‍ ആദിവാസികളടക്കമുള്ള വലിയൊരു വിഭാഗം ഇന്നും റേഷന്‍ സാധനങ്ങള്‍ ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ദലിത് വിഭാഗങ്ങളില്‍ നാല്‍പത് ശതമാനത്തിന്റെയും അവസ്ഥ മെച്ചമുള്ളതല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ഇവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം മറക്കരുത്.

chandrika: