വഖഫ് നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും വിഷയത്തില്‍ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

എന്തിനെയും വര്‍ഗീയവത്ക്കരിക്കുന്നത് ശരിയല്ലെന്നും ഈ മാസം 9ന് കോഴിക്കോട് വഖഫ് സംരക്ഷണസമ്മേളനം ചേരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പി.എസ്.സിക്ക് വഖഫ് നിയമനം വിട്ടതിനെതിരായ പ്രതിഷേധത്തില്‍ നിന്ന് സമസ്ത പിന്മാറിയിരുന്നെങ്കിലും പള്ളികളില്‍ ഈ വിഷയത്തില്‍ കൃത്യമായ ബോധവത്കരണം നടത്തുമെന്ന് മുസ്‌ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍ പറഞ്ഞിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് ഇരുവിഭാഗങ്ങളും ദക്ഷിണ കേരള ജംഈയത്തുല്‍ ഉലമയും പള്ളികളില്‍ ബോധവത്കരണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.