kerala

ബ്രൂവറി കരാര്‍ മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതി; രമേശ് ചെന്നിത്തല

By webdesk18

January 22, 2025

ബ്രൂവറി കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നടത്തിയ അഴിമതിയെന്ന് നിയമസഭയില്‍ രമേശ് ചെന്നിത്തല ആരോപിച്ചു. തെലങ്കാന സര്‍ക്കാരുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം കൊണ്ടാണോ ഒയാസിസ് കമ്പനിക്ക് കരാര്‍ കിട്ടിയതെന്നും ചെന്നിത്തല വിമര്‍ശിച്ചു. അഴിമതി കാര്യത്തിലെ നിശ്ചയദാര്‍ഢ്യത്തിന് എം.ബി രാജേഷിനെ അഭിനന്ദിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

ചട്ടം 285 പ്രകാരം സ്പീക്കര്‍ക്ക് എഴുതി നല്‍കിയാണ് നിയമസഭയില്‍ രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കൊണ്ടാണ് ബ്രൂവറി നല്‍കാതിരുന്നത്. എലപ്പുള്ളിയിലെ ജനങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല, ഒയാസിസ് കമ്പനിയെ എങ്ങനെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തത് ? ഇതിന് പിന്നില്‍ സ്വജനപക്ഷപാതവും അഴിമതിയും ആണെന്ന് ചെന്നിത്തല വ്യക്തമാക്കി.

ബ്രൂവറി കരാറില്‍ മുഖ്യമന്ത്രിക്ക് ഏറ്റവും താല്‍പര്യമുള്ള കമ്പനിയെ മാത്രം തെരഞ്ഞെടുത്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ഡിസ്ലിക്ക് വെള്ളം നല്‍കാതെയാണ് ഒയാസിസ് കമ്പനിക്ക് വെള്ളം കൊടുക്കാന്‍ തീരുമാനിച്ചത്. അഴിമതി ആരോപണം അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ പാടില്ല എന്നാണ് ചട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അതുകൊണ്ടാണ് ആരോപണം എഴുതി നല്‍കി ഉന്നയിച്ചത്. വരും ദിവസങ്ങളിലും ബ്രൂവറി വിഷയം സജീവമാക്കി നിര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.