ഡല്‍ഹി: 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവര്‍ഷവും കുറഞ്ഞുവരികയാണ്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞു. 2016 നവംബര്‍ എട്ടിന് ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകള്‍ നിരോധിച്ച വേളയില്‍ അവതരിപ്പിച്ച 2000 ത്തിന്റെ നോട്ടിനുള്ളില്‍ ചിപ്പുണ്ടെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ നോട്ട് പുറത്തിറക്കിയിട്ട് നാല് വര്‍ഷത്തിലേക്കടുമ്പോഴും നോട്ടിനുള്ളിലെ ചിപ്പ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകള്‍. മൂല്യം കണക്കാക്കുമ്പോള്‍ ഇത് 22.6ശതമാനംവരും. 2000ത്തിന്റെ നോട്ടുകളുടെ പ്രചാരം കുറയുമ്പോള്‍ 500ന്റെയും 200ന്റെയും നോട്ടുകള്‍ അതിന് അനുപാതികമായി വിപണിയില്‍ വന്‍തോതില്‍കൂടുകയും ചെയ്തിട്ടുണ്ട്.

2016 ല്‍ നടത്തിയ നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമായിരുന്നു. നാല് വര്‍ഷം പിന്നിടുമ്പോഴും ഇന്നും ഈ പ്രതിസന്ധി വരുത്തിവച്ച ദുരിതത്തില്‍ നിന്ന കരകയറാത്തവര്‍ നിരവധി പേരാണ്. കള്ളപ്പണം പിടിച്ചെടുക്കുന്നത്് തീര്‍ച്ചയായും രാജ്യത്തിന്റെ ഉന്നമനത്തിന് ആവശ്യമായ ഘടകം തന്നെയാണ്. എന്നാല്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പൂര്‍ണമായും തിരിച്ചെത്തിയെന്ന് ആര്‍ബിഐ പറഞ്ഞതിന് ശേഷവും രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്ന് പലതവണ 500 ന്റെയും 1000 ന്റെയും പിടിച്ചെടുത്തിരുന്നു. വ്യക്തമായ കണക്ക് കൂട്ടലുകള്‍ ഇല്ലാതെയാണ് കേന്ദ്രം നോട്ട് നിരോധനം നടത്തിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്.