കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചിമബംഗാളില്‍ 480 സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ഞൂറ് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സിപിഎമ്മിന് പുറമേ, ആര്‍എസ്പി, സിപിഐ, പിഡിഎസ് പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് പാര്‍ട്ടിയിലേക്ക് വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ട്വീറ്റ് ചെയ്തു.

ഈസ്റ്റ്, വെസ്റ്റ് മിഡ്‌നാപൂരില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കിഴക്കന്‍ മിഡ്‌നാപൂരിലെ രാംനഗറില്‍ കഴിഞ്ഞ ഒക്ടോബറില്‍ സി.പി.എം എം.എല്‍.എ സ്വദേശ് നായകും ആയിരത്തോളം അനുയായികളും ബിജെപിയിലെത്തിയിരുന്നു.

അതിനിടെ, പുതിയ സംഭവവികാസം ഹാല്‍ദിയയിലെ പാര്‍ട്ടി സംവിധാനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹി അവകാശപ്പെട്ടു. തങ്ങളുടെ പ്രമുഖ നേതാക്കളാരും ബി.ജെ.പിയില്‍ ചേര്‍ന്നില്ലെന്നും ഹാള്‍ദിയയിലെ ജനങ്ങള്‍ തങ്ങളുടെ കൂടെയാണെന്നും സിഹി പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ പോക്കിനെ നിസ്സാരമായി കരുതരുതെന്ന് മറ്റൊരു സിപിഎം നേതാവ് പ്രതികരിച്ചു.