ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷത്തേക്കുള്ള 618 ബില്യന്‍ യു.എസ് ഡോളറിന്റെ പ്രതിരോധ ബില്ലിന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ അംഗീകാരം നല്‍കി. ഇന്ത്യയുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്താന്‍ ബില്ലില്‍ നിര്‍ദേശങ്ങളുണ്ട്.

പാകിസ്താന് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന പ്രതിരോധ ഫണ്ടിങിലെ പകുതി ഉപാധി വിധേയമാക്കാനും ബില്‍ നിര്‍ദേശിക്കുന്നു. ഹഖാനെ നെറ്റ്‌വര്‍ക്കിനെതിരെ പ്രകടമായ നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ ഈ സഹായം നല്‍കേണ്ടതുള്ളൂവെന്നാണ് വ്യവസ്ഥ. നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് (എന്‍.ഡി.എ.എ-2017) എന്നാണ് പ്രതിരോധ ബില്ലിന്റെ പേര്. ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ബില്ലില്‍ പറയുന്നു.

ബില്‍ ഈ മാസം ആദ്യം ജനപ്രതിനിധി സഭയും സെനറ്റും പാസാക്കിയിരുന്നു. ഇന്ത്യയ്്ക്കും യു.എസിനുമിടയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതാണ് ബില്ലിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് അരിസോണ സെനറ്ററും സെനറ്റിലെ ആംഡ് സര്‍വീസ് കമ്മിറ്റി ചെയര്‍മാനുമായ ജോണ്‍ മക്്‌കെയിന്‍ പ്രതികരിച്ചു.
നേരത്തെ, ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധ പങ്കാളിയായി യു.എസ് പ്രഖ്യാപിച്ചിരുന്നു.