GULF
വിസിറ്റിംഗ് വീസ: യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ
ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി

അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്തതിന്റെ രേഖ, യാത്രാ കാലയളവിൽ ചെലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിർദേശം.
ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ട്രാവൽ ഏജന്റുമാർക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകിയത്.
സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാൻ എത്തുന്നവരുടെ കൈവശം അവരുടെ ഫോൺ നമ്പറും മേൽവിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. മതിയായ രേഖകൾ ഇല്ലാതെ വരുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. യുഎഇ യാത്രാ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് നടപടി.
മതിയായ യാത്രാരേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയിരുന്നു. യാത്രാ നിയമം സംബന്ധിച്ച ആശയകുഴപ്പങ്ങൾക്കിടെയാണ് കൃത്യമായ മാനദണ്ഡങ്ങൾ വിശദമാക്കി ട്രാവൽ ഏജൻസികൾക്ക് വിമാന കമ്പനികൾ സർക്കുലർ അയച്ചത്. കൃത്യമായ യാത്രാരേഖകളും മതിയായ പണവും ഇല്ലാതെ എത്തുന്നവരെ മടക്കി അയയ്ക്കുമെന്നും അറിയിപ്പിലുണ്ട്.
GULF
ഇറാന്റെ മിസൈല്‍ ആക്രമണം; നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും: ഖത്തര്‍
ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു.

ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തര്‍ സുരക്ഷാ സേന മിസൈല്‍ തകര്‍ക്കുന്നതിനിടെ പല വസ്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം മിസൈല്‍ ഭാഗങ്ങള്‍ തെറിച്ചു വീണു നഷ്ടമുണ്ടായവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഖത്തറിലുള്ള അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ മാസം 23ന് ആണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഈ മിസൈലുകള്‍ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ സൈന്യം തകര്‍ത്തിരുന്നു. എന്നാല്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ റോഡിലും സ്വകാര്യ സ്ഥലത്തുമായി ചിതറി വീണതോടെയാണ് വലിയ നാശനഷ്ടം സംഭവിച്ചത്.
നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചാല്‍ ഔദ്യോഗിക സംഘം സ്ഥലം സന്ദര്‍ശിക്കും. മിസൈല്‍ ആക്രമണത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെട്ടാല്‍ അത് സാക്ഷ്യപ്പെടുത്തും. പിന്നീട് സിവില്‍ ഡിഫന്‍സ് കൗണ്‍സിലിനെ നഷ്ടപരിഹാരത്തിനായി ജനങ്ങള്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ മെത്രാഷ് വഴി രണ്ടു ദിവസത്തിനകം അപേക്ഷ നല്‍കണമെന്നും അതിനു ശേഷം ലഭിക്കുന്നവ പരിഗണിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
GULF
വിപഞ്ചികയുടെ മരണം: ഭര്‍ത്താവ് നിതീഷിനെതിരെ കേസെടുത്തു

ഷാര്‍ജ: അല്‍ നഹ്ദയില്‍ ഒന്നര വയസുകാരിയായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം കേരളപുരം സ്വദേശിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. മരണപ്പെട്ട യുവതിയുടെ മാതാവിന്റെ പരാതിയില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റാരോപിതര്‍ മൂന്നുപേരും നിലവില്‍ ഷാര്‍ജയിലാണ്. ഇവര്‍ നാട്ടില്‍ എത്തിയ ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കുക. സ്ത്രീധനത്തെ ചൊല്ലി വിപഞ്ചികയെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. മരണ ശേഷം വിപഞ്ചികയുടെ സാമുഹ്യ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണം.
കൊറ്റംകര കേരളപുരം രജിത ഭവനില്‍ വിപഞ്ചിക മണിയന്റെ(33) മരണത്തിലാണ് ഭര്‍ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരെ പ്രതിചേര്‍ത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ മാനേജറായിരുന്ന വിപഞ്ചികയും മകള്‍ ഒന്നര വയസുകാരി വൈഭവിയും ഷാര്‍ജയിലെ ഫഌറ്റില്‍ ജീവനൊടുക്കിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവ് നിതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്‍ ഷാര്‍ജയില്‍ എഞ്ചിനീയറാണ്.
സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തു എന്ന് പരാമര്‍ശിക്കുന്ന വിപഞ്ചികയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് നേരത്തെ സാമൂഹ്യ മാധ്യമം വഴി പുറത്തുവന്നിരുന്നു. മരണത്തിന് ശേഷമാണ് ഇത് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. ടൈമര്‍ സെറ്റ് ചെയ്ത് വെച്ചായിരുന്നു അപ്‌ലോഡ് ചെയ്തത്. ഇതോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വൈകാതെ ഫെയ്‌സ്ബുക്കിലെ കത്ത് അപ്രത്യക്ഷമായി. മരണപ്പെട്ട വിപഞ്ചികയുടെ ഫോണ്‍ കൈക്കലാക്കിയ ഭര്‍ത്താവ് നിതീഷ് മോഹനും സഹോദരിയും കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. കൊടിയ പീഡനമാണ് വിപഞ്ചിക ഭര്‍തൃവീട്ടില്‍ അനുഭവിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍. പിതാവ് അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പില്‍ വെളിപ്പെടുത്തുന്നു. കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്തു. കുഞ്ഞിനെ ഓര്‍ത്ത് തന്നെ വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ല. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി.
ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവര്‍ക്ക് ഒരു മാനസികരോഗിയാക്കണം. എന്റെ കൂട്ടുകാര്‍ക്കും ഓഫിസിലുള്ളവര്‍ക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതോടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വിപഞ്ചികയുടെ കുടുംബം യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. വിപഞ്ചിക ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് മാതാവും സഹോദരനും. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നത്. ഭര്‍ത്താവിന്റെ സഹോദരിയാണ് എല്ലാത്തിനും കാരണമെന്ന് മാതാവ് ആരോപിച്ചു. മകള്‍ കൊടിയപീഡനത്തിനിരയായ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ ഇതൊന്നും താന്‍ അനുവദിക്കില്ലായിരുന്നുവെന്നും മാതാവ് പറഞ്ഞു.
വിപഞ്ചികയെ ഭര്‍തൃ പിതാവിനും ഭര്‍തൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നു.
കൊടിയപീഡനങ്ങളാണ് മകള്‍ അനുഭവിച്ചത്. താന്‍ വിഷമിക്കാതിരിക്കാനാണ് ഇതൊന്നും അറിയിക്കാതെയിരുന്നത്. ഇപ്പോള്‍ ഫോട്ടോയും വീഡിയോയും കാണുമ്പോഴാണ് മകള്‍ ഇത്രയും കൊടിയ പീഡനം സഹിച്ചിരുന്ന വിവരമറിയുന്നത്. ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. നിതീഷിന്റെ പീഡനം കാരണമാണ് മകള്‍ മുടി മുറിച്ചതെന്നും മാതാവ് പറഞ്ഞു. വിപഞ്ചികയുടെ പിതാവ് മണിയന്‍ കുവൈത്തിലാണ്. നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ ഇദ്ദേഹം നാട്ടില്‍ എത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. ഇത് അനുവദിക്കരുതെന്നും മകളെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ട അയാള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും മാതാവ് പറഞ്ഞു.
GULF
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് പ്രേമകുമാരി അപേക്ഷ നല്‍കിയത്.
പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യെമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമന്‍ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ. ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം