മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. രോഗിക്ക് മോണോക്‌ളോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
49 പേരുള്ള സമ്പര്‍ക്കപ്പട്ടികയില്‍ 45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണ്. 12 പേര്‍ കുടുംബാംഗങ്ങളാണ്. ആറുപേര്‍ക്ക് രോഗലക്ഷണമുള്ളത്. ഇതില്‍ അഞ്ചുപേര്‍ മഞ്ചേരി മെഡി.കോളജില്‍ ചികിത്സയിലാണ്.ഒരാള്‍ എറണാകുളത്ത് ഐസൊലേഷനില്‍ കഴിയുകയാണ്.രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ എടുത്തതായും മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനത്തിനായി ഇതിനോടകം 25 കമ്മിറ്റികള്‍ രൂപീകരിച്ചു. രോഗിയുടെ റൂട്ട്മാപ്പും പുറത്ത് വിട്ടു. സമീപ ജില്ലകളിലും പരിശോധന നടത്താന്‍ തീരുമാനം. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് രോഗലക്ഷണങ്ങളുമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഈ വര്‍ഷം ആദ്യമായിട്ടാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്.