india

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എലി; നീണ്ട തിരച്ചിൽ, പുറപ്പെട്ടത് 3 മണിക്കൂർ വൈകി

By webdesk18

September 22, 2025

വിമാനത്തിനുള്ളില്‍ എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു മണിക്കൂറിലധികം വൈകി കാണ്‍പുര്‍-ഡല്‍ഹി ഇന്‍ഡിഗോ വിമാനം. ഇന്നലെ ഉച്ചയ്ക്കു പുറപ്പെട്ട് വൈകുന്നേരം 4.10 ന് ഡല്‍ഹിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിമാനം വൈകുന്നേരം 6.03ന് ആണ് കാണ്‍പുരില്‍ നിന്നു പുറപ്പെട്ട് 7.16ന് ആണ് ഡല്‍ഹിയിലെത്തിയത്.

140 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പുറപ്പെടും മുന്‍പ് യാത്രക്കാരില്‍ ഒരാളാണ് വിമാനത്തിനുള്ളില്‍ എലി ഓടുന്നത് കണ്ടത്. ഉടന്‍ തന്നെ അയാള്‍ കാബിന്‍ ക്രൂവിനെ വിവരമറിയിച്ചു. എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നു പുറത്തിറക്കി.

എലിയെ കണ്ടെത്താനായി ഏകദേശം ഒന്നര മണിക്കൂറോളം തിരച്ചില്‍ തുടര്‍ന്നു. കഴിഞ്ഞയാഴ്ച മുംബൈയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് ഈ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.