കൊച്ചി: അഭയ കേസിലെ പ്രതികള്‍ പിടിക്കപ്പെടാന്‍ കാരണക്കാരനായ പ്രധാന സാക്ഷി രാജുവിന് അഭിനന്ദനം അറിയിച്ച് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കള്ള് കുടിക്കുന്നത് കൊണ്ട് ഒരുപക്ഷെ രാജുവിനെ ‘കള്ളനെ’ന്ന് വിളിച്ചേക്കാം. പക്ഷെ രാജു സത്യത്തില്‍ വിശുദ്ധനാണെന്നായിരുന്നു ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്. മനുഷ്യത്വത്തിന്റെ മുഖമെന്നും നീതിയുടെയും സത്യത്തിന്റെയും കാവലാളെന്നും അദ്ദേഹം രാജുവിനെ വിശേഷിപ്പിച്ചു.

മൂന്നു പതിറ്റാണ്ടിനടുത്ത കാത്തിരിപ്പിനു ശേഷം നാടാകെ നടുങ്ങിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിയെത്തുമ്പോള്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നത് കേസിലെ നിര്‍ണായക സാക്ഷികളിലൊരാളായ അടയ്ക്കാ രാജു ആണ്. വിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എനിക്കും പെണ്‍പിള്ളേരുണ്ട്. അയല്‍വക്കത്തും പെണ്‍പിള്ളേരുണ്ട്’എന്ന് പറഞ്ഞാണ് രാജു തുടങ്ങിയത്. ‘കുഞ്ഞിന്റെ അപ്പനായിട്ട് പറയുവാ, മോള്‍ക്ക് നീതി കിട്ടി, ഞാന്‍ ഹാപ്പിയാ. എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു കൊച്ചിന് നീതി ലഭിക്കണമെന്ന്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ഇത് കേള്‍ക്കാന്‍ അവരാരും ഇന്നില്ല. ഒരുപാട് പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒരു രൂപാ പോലും വാങ്ങിയില്ല. ഇപ്പോളും കോളനിയിലാണ് കിടക്കുന്നത്,’ അടയ്ക്കാ രാജു പറഞ്ഞു.

ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്സാക്ഷിയായി എത്തിയത് എന്നായിരുന്നു അഭയയ്ക്കായുള്ള പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച ജോമോന്‍ പുത്തന്‍പുരക്കലിന്റെ പ്രതികരണം. ഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും മഠത്തില്‍ കണ്ടെന്നാണ് രാജു മൊഴി നല്‍കിയത്.

കൊലക്കുറ്റം തെളിഞ്ഞതായി തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രസ്താവിച്ചത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. തെളിവ് നശിപ്പിച്ചതിനും പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസ് 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്തത്. മൂന്നു തവണ സിബിഐ റിപ്പോര്‍ട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു. 2008 നവംബര്‍ 19 ന് ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ.ജോസ് പുതുക്കയില്‍ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതല്‍ ഹര്‍ജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസില്‍ നിന്നു ഒഴിവാക്കി. ഇരുവരും കുറ്റക്കാരെന്നും കോടതി വിധിച്ചു. ഫാ.കോട്ടൂര്‍ കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി കണ്ടെത്തി.