അഹമ്മദാബാദ്: ആംബുലന്‍സില്‍ എത്തിയില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ കോവിഡ് ബാധിതനായ കുട്ടിയെ മടക്കിയയച്ചതായി റിപ്പോര്‍ട്ട്. കുട്ടിയുമായി അമ്മ ആശുപത്രിക്കു മുന്നിലെ റോഡില്‍ ഇരിക്കുന്ന ദൃശ്യങ്ങളുടെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അഹമ്മദാബാദ് സരസ്പുരിലെ ശാരദാബെന്‍ ആശുപത്രിക്കു മുന്നില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബുധനാഴ്ച രാത്രിയാണ് ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പോസിറ്റിവ് ആയ കുട്ടിയുമായി എത്തിയ അമ്മയെ ആശുപത്രി അധികൃതര്‍ മടക്കി അയച്ചെന്നാണ് വിവരം. കോവിഡ് പോസിറ്റിവ് ആയവര്‍ 108 ആംബുലന്‍സില്‍ എത്തണമെന്നാണ് ചട്ടം. ഇതിന്റെ പേരില്‍ ഇവര്‍ക്കു ചികിത്സ നിഷേധിക്കുകയായിരുന്നു.

വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ആശുപത്രിക്കെതിരെ ഉയര്‍ന്നത്.