ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും, ഇ വാലറ്റ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയുമുള്ള ക്യാഷ് ലെസ് ഇക്കോണമിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇത്തരം പദ്ധതിയുടെ സുരക്ഷാ സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് ഇതുവരെ വിലയിരുത്തിയിട്ടില്ല. ഇന്ത്യയില്‍ ഇത്തരം സംവിധാനങ്ങള്‍ പ്രത്യേകിച്ച് എ.ടി.എം മെഷീനുകള്‍ സുരക്ഷിതമല്ലെന്നാണ് വിദഗ്ധാഭിപ്രായം.

ഇന്ത്യയിലെ എടിഎം മെഷീനുകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാനാവുമെന്നാണ് പ്രമുഖ കമ്പ്യൂട്ടര്‍ സുരക്ഷാ സോഫ്റ്റ്‌വെയറായ ഇന്റല്‍ സെക്യൂരിറ്റി വ്യക്തമാക്കുന്നത്. പണമിടപാടിന്റെ എല്ലാ ഘട്ടങ്ങളിലും വിവിധ തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ എടിഎമ്മുകളില്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എ.ടിഎം മെഷീന്‍, ഡാറ്റ് സെന്റര്‍, മൊബൈല്‍ ബാങ്കിങ് എന്നിവയിലുടെ എളുപ്പത്തില്‍ ബ്രേക്ക് ചെയ്യാനാവുമെന്നാണ് അറിയിക്കുന്നത്. ഇതിനകം തന്നെ വിവിധ എടിഎം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ തന്നെ എടിഎം തട്ടിപ്പ് കേസുകളില്‍ ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എവിടെനിന്നും തട്ടിപ്പുകാര്‍ക്ക് കൃത്യം നടത്താനാവുമെന്നാണ് സുരക്ഷാ സംവിധാനങ്ങളെ അലട്ടുന്ന പ്രശ്‌നം. കേരളത്തിലുള്‍പ്പെടെ എടിഎം തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ എട്ടിന് മുന്തിയ നോട്ടുകളെ അസാധുവാക്കിയതിന് ശേഷം പണിമിടപാടിന് കര്‍ശന ഉപാധികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. എടിഎം വഴിയുള്ള ഇടപാടുകള്‍ വര്‍ധിക്കുന്നത് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.