കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തെ കടന്നാക്രമിച്ച മമത, ബിജെപി ദുഷ്ടശക്തിയാണെന്നും അവരാണ് യഥാര്‍ത്ഥ മഹാമാരിയെന്നും തുറന്നടിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചു.

ബിജെപിയെ ‘അസുര’യായി താരതമ്യപ്പെടുത്തിയ മമത, ബിജെപി ദുഷ്ടശക്തിയാണെന്നും ഇന്ത്യയെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയാണ് അവരെന്നും പറഞ്ഞു. ടിഎംസിയുടെ മുഖപത്രമായ ജാഗോ ബംഗ്ലയുടെ ദുര്‍ഗ പൂജ പതിപ്പ് അനാച്ഛാദനം ചെയ്യുന്നതിനിടെയായിരുന്നു മമതയുടെ രൂക്ഷ പ്രതികരണം.

”ഒരു വശത്ത്, നിങ്ങള്‍ക്ക് കോവിഡ് -19, ഡെങ്കി, മലേറിയ എന്ന രോഗങ്ങളുണ്ട് എന്നാല്‍ മറുവശത്ത് ഏറ്റവും വലിയ മഹാമാരിയായ ബിജെപിയുള്ളത്. അതൊരു ദുഷ്ടശക്തിയാണ്. ഇന്ത്യയെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയാണ്. ബംഗാളില്‍, നിങ്ങള്‍ രാഷ്ട്രീയത്തിനിങ്ങുകയാണെങ്കില്‍, ഞങ്ങളുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ബംഗാളില്‍ രാഷ്ട്രീയം നടത്തണമെങ്കില്‍ മര്യാദയും നാഗരികതയും കാത്തുസൂക്ഷിക്കണം. എന്നാല്‍ ബിജെപിയെ അതിനെ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. ആളുകള്‍ മരിച്ചവരോ ജീവനോടെയോ ആയിരിക്കാം, എന്നാല്‍ അധികാരം പിടിച്ചെടുക്കാന്‍ മാത്രമേ അവര്‍ക്ക് താല്‍പ്പര്യമുള്ളൂ. എനിക്ക് അവരോട് പറയാന്‍ ആഗ്രഹമുണ്ട്, അത് എളുപ്പമല്ല,” മമത ബാനര്‍ജി ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിലേക്കുള്ള ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഹത്രാസ് കൂട്ട ബലാത്സംഗ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും മമത രൂക്ഷമായി പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെ എല്ലാ ഭാഗത്തു നിന്നും ആക്രമിച്ച മമത, ബിജെപിയാണ് ഏറ്റവും വലിയ മഹാമാരി എന്നാണ് അന്നും ആരോപിച്ചത്. ‘കോവിഡ് 19 അല്ല ഏറ്റവു വലിയ മഹാമാരി. ബിജെപിയാണ്. ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങളില്‍പെടുന്നവര്‍ക്കുമെതിരെ അതിക്രമം അഴിച്ചുവിടുന്ന ഏറ്റവും വലിയ മഹാമാരി.. ഇങ്ങനെയുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ നമ്മള്‍ അണിനിരക്കണം’ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത പറഞ്ഞു.

‘ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് ഭയമില്ല. നിങ്ങളുടെ വെടിയുണ്ടകളെയും ഭയമില്ല. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ എന്നത് മാറി ജനങ്ങള്‍ക്കെതിരായ, ദളിതര്‍ക്കെതിരായ കര്‍ഷകര്‍ക്കെതിരായ സര്‍ക്കാരാണുള്ളത്’ മമത വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി തൃണമൂല്‍ സംഘം യുപിയിലെത്തിയിരുന്നു. എന്നാല്‍ ഇവരെ പൊലീസ് തടയുകയാണുണ്ടായത്. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ തൃണമൂല്‍ അധ്യക്ഷ, പാര്‍ട്ടി എംപി ഉള്ളവരെ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചു.