kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി

By webdesk14

March 15, 2025

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജിയില്‍ പരിശോധനയ്ക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്.

17 രോഗികളുടെ സ്പെസിമെനാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൽ ആക്രി കച്ചവടക്കാരനെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. രണ്ട് ജീവനക്കാർ ചേർന്നാണ് പാത്തോളജി ലാബിലേക്ക് ആംബുലൻസിൽ ശരീര ഭാഗങ്ങൾ കൊണ്ടുപോയത്. തുടർന്ന് ലാബിന് സമീപത്തെ കോണിപ്പടിയിൽ ഇറക്കിവെച്ചു. ഇവർ ലാബിൽ പോയി തിരിച്ചുവരുന്നതിനിടയിലാണ് മോഷണം നടക്കുന്നത്.

അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ മൊഴി നല്‍കി. ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പല്‍ ഓഫീസന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. പരിശോധനയ്ക്ക് അയച്ച സ്‌പെസിമെനുകള്‍ കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.