ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കു നേരെ വെടിവെപ്പ്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും കോപ്റ്റിക് ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള കടയ്ക്കുനേരെയുമാണ് ആക്രമണമുണ്ടായത്. ഇരു സംഭവങ്ങളിലുമായി 11 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഈജിപ്ത് തലസ്ഥാനമായ കൈറോയിലെ മര്‍മിന ചര്‍ച്ചിലുണ്ടായ വെടിവെപ്പിലാണ് ഒമ്പതു പേര്‍ കൊല്ലപ്പെട്ടത്. പള്ളിക്ക് പുറത്തുണ്ടായിരുന്ന വിശ്വാസികള്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് കോപ്റ്റിക് ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള കടയ്ക്കുനേരെയും ആക്രമണമുണ്ടായി. ഇതില്‍ രണ്ടുപേരും മരിച്ചു. ഇരു സംഭവങ്ങളിലുമായി മരിച്ച പതിനൊന്ന് പേരില്‍ മൂന്ന് പേര്‍ പൊലീസുകാരാണ്. കൃത്യം നടത്തിയവരില്‍ ഒരാളെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു. അക്രമികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും ആക്രമണത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ചും ഇതുവരെ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല. അടുത്തിടെയായി കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം ഈജിപ്തില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏപ്രിലില്‍, കുരുത്തോലപ്പെരുന്നാള്‍ ദിനത്തിലുണ്ടായ ആക്രമണത്തില്‍ 44 പേരും മെയ്മാസത്തില്‍ 29 പേരും കൊല്ലപ്പെട്ടിരുന്നു.