ന്യൂഡല്‍ഹി: തമിഴില്‍ നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. തമിഴില്‍ നീറ്റ് എഴുതിയ വിദ്യാര്‍ഥികള്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കാനും ഈ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയാണ് സി.ബി.എസ്.ഇ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നീറ്റ് തമിഴ് ചോദ്യപേപ്പറിലെ 49 ചോദ്യങ്ങളില്‍ പിഴവുണ്ടെന്നും ഇതിന്റെ മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്നും കാണിച്ച് ടി.കെ രംഗരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് സി.ടി ശെല്‍വം, എ.എം ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

ചോദ്യപേപ്പര്‍ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് ഭാഷാവിദഗ്ധരാണെന്നും പരീക്ഷാ നടത്തിപ്പിന്റെ ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും സി.ബി.എസ്.ഇ വാദിച്ചുവെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. മെഡിക്കല്‍ കൗണ്‍സിലിങ് അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കോടതിവിധി നടപടിക്രമങ്ങളെ കീഴ്‌മേല്‍മറിച്ചതായാണ് സി.ബി.എസ്.ഇ നിലപാട്.