ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ അവകാശവാദം പൊളിയുന്നു. വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ഇടപെട്ട് ഫാദറിന്റെ മോചനം യാഥാര്‍ഥ്യമാക്കിയതെന്ന ഒമാന്റെ വിശദീകരണം പുറത്തു വന്നതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെട്ടിലായി.

നിശബ്ദ സ്വഭാവത്തിലുള്ള നയതന്ത്ര നീക്കത്തിന്റെ വിജയമാണിതെന്നും ഒമാന്‍ സഹായത്തോടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നുമാണ് മന്ത്രി വി.കെ സിങ് പ്രതികരിച്ചത്. എന്നാല്‍ ഇന്ത്യ ഏതെങ്കിലും നിലക്കുള്ള റോള്‍ പ്രശ്‌നത്തില്‍ കൈക്കൊണ്ടു എന്നു തെളിയിക്കുന്ന യാതൊരു പരാമര്‍ശവും ഒമാന്റെ ഔദ്യോഗിക വിശദീകരണത്തില്‍ ഇല്ല. തങ്ങളുടെ വൈദികനെ വിട്ടുകിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന വത്തിക്കാെന്റ അഭ്യര്‍ഥന മുന്‍നിര്‍ത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് മോചന ചര്‍ച്ചകള്‍ നടന്നതെന്ന് ഒമാന്‍ അധികൃതര്‍ തങ്ങളുടെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. യമന്‍ അധികൃതരും ബന്ധപ്പെട്ടവരുമായി നടന്ന ഏകോപനത്തിലൂടെയാണ് മോചനം സാധ്യമായത്.

ഫാദര്‍ ടോം മോചിതനായി മസ്‌കത്തില്‍ വന്നിറങ്ങിയപ്പോള്‍ മാത്രമാണ് മറ്റുള്ളവര്‍െക്കാപ്പം ഇന്ത്യന്‍ നയതന്ത്ര കേന്ദ്രവും സംഭവം അറിയുന്നത്. ഫാദര്‍ ടോമിനെ വത്തിക്കാനിലേക്കാണ് വിമാന മാര്‍ഗം കൊണ്ടു പോയതെന്ന വിവരം പോലും ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയുന്നത് വൈകി മാത്രമാണ്. വത്തിക്കാനും ഒമാനും അല്ലാതെ മറ്റൊരു കക്ഷിയുടെ ഇടപെടല്‍ ഫാദറിെന്റ മോചന കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്നു തന്നെയാണ് ഒമാന്‍ അധികൃതര്‍ വ്യക്തമാക്കുന്നതും. അറബ് ഭരണകൂടങ്ങള്‍ക്കു പുറമെ ഇറാന്‍, ഹൂത്തികള്‍ എന്നിവരുമായും നല്ല ബന്ധം പുലര്‍ത്തുന്ന ഒമാെന്റ നയതന്ത്ര വിജയം കൂടിയാണ് ഫാദര്‍ ടോം ഉഴുന്നാലിെന്റ മോചനം. ഒമാന്‍ ഭരണാധികാരിക്കും രാഷ്ട്രത്തിനും വത്തിക്കാന്‍ പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്.

അതേ സമയം ഭീകരരില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തി. ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമാണെന്നാണ് കണ്ണന്താനത്തിന്റെ പരിഹാസം. തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ബാധ്യതയാണതെന്നും കണ്ണന്താനം പറഞ്ഞു. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികളെ അദ്ദേഹം കാണാതെ പോയത്. മോചിതനായ ശേഷം ഉഴുന്നാല്‍ വത്തിക്കാനെയും യമനെയും പ്രശംസിച്ചിരുന്നു. തടവില്‍ കഴിയുന്ന ഉഴുന്നാലിന് ഇക്കാര്യം എങ്ങനെ അറിയാനാകുമെന്നും കണ്ണന്താനം ചേദിച്ചു.

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് വാദം തെറ്റാണെന്ന് കണ്ണന്താനം പറഞ്ഞു. ഇന്ത്യയുടെ ഇടപെടല്‍ ഇല്ലാതെ ഒരു ഇന്ത്യക്കാരനെ മോചിപ്പിച്ചുവെന്നത് തെറ്റായ പ്രചാരണം. മോചനത്തില്‍ വെളിപ്പെടുത്താനാകാത്ത ധാരളം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ഇന്നലെ മോചിപ്പിച്ചത്. മോചനദ്രവ്യമായി ഒരു കോടി ഡോളര്‍ നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തന്റെ മോചനത്തിനായി ഇന്ത്യ യാതൊന്നും ചെയ്തിട്ടില്ലെന്ന് തടങ്കലില്‍ ആയിരിക്കെ പുറത്തുവന്ന വീഡിയോയില്‍ ഉഴുന്നാലില്‍ പറഞ്ഞിരുന്നു