Article
വ്യാജ ഐ.ഡിയില്‍ മറഞ്ഞിരിക്കുന്ന സൈബര്‍ വേട്ട സംഘങ്ങള്‍
ആരെയും ചതിക്കാനും കബളിപ്പിക്കാനും സാധിക്കുന്ന സാമൂഹ്യവിപത്തുകളായിമാറുകയാണ് ഫേസ്ബുക്കിലെ വ്യാജ ഐ.ഡികള്‍. മുഖം പോലുമില്ലാത്തതോ വ്യാജ ഫോട്ടാകള്‍ ഉള്ളതോ ആയ പ്രൊഫൈലുകള്‍ ഉപയോഗിച്ച് തട്ടിപ്പിന്റെയും വഞ്ചനയുടെയും പുതിയ അധ്യായങ്ങളാണ് ഓരോദിവസവും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് പ്രബുദ്ധരും തിരിച്ചറിവുള്ളവരുമാണെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്കിടയില്‍ ഇത്തരം തട്ടിപ്പുകളുടെ ഇരകളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നറിയുമ്പോള്‍ അത്ഭുതമാണ്. തങ്ങള്‍ക്കറിയാവുന്ന സഹജീവികള്‍ക്ക് ഒരു രൂപയുടെ സഹായംപോലും നല്‍കാനുള്ള സഹാനുഭൂതി കാണിക്കാത്തവര്‍ പോലും ഇതുവരെ കാണാത്തതും അറിയാത്തവരുമായ തട്ടിപ്പ്സംഘങ്ങളുടെ കെണിയില്‍പെട്ട് ആയിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടുത്തുന്നുവെന്നതാണ് വലിയ വിരോധാഭാസം. ഇതുസംബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും പൊലീസില്‍ പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും മറഞ്ഞിരിക്കുന്ന തട്ടിപ്പുകാരെ കണ്ടെത്താന്‍ സാധിക്കുന്നില്ല.
ഒരിക്കലും തിരിച്ചറിയാന്‍ സാധിക്കാത്തവിധത്തിലാണ് വ്യാജന്മാര് ഫേസ്ബുക്ക് സംവിധാനത്തിന്റെ സകലസാധ്യതകളും ഉപയോഗിക്കുന്നത്. പിടിക്കപ്പെടാത്തതുകൊണ്ട് ഫേസ്ബുക്കിലൂടെയുള്ള ചതിയും വഞ്ചനയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഫേസ്ബുക്ക് വഴിയുള്ള തട്ടിപ്പുകള്‍ സംബന്ധിച്ച എത്ര വാര്‍ത്തകള്‍ വന്നാലും വീണ്ടും വീണ്ടും ചതിയിലകപ്പെടുന്നവര്ക്ക് യാതൊരു കുറവുമില്ല. ചിലര്‍ക്ക് നഷ്ടമാകുന്നത് പണമാണെങ്കില്‍ മറ്റുചിലര്‍ക്ക് മാനാഭിമാനങ്ങളാണ്. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടേണ്ട അവസ്ഥവരുന്നു.
പിടിച്ചുനില്‍ക്കാനാകാതെ ആത്മഹത്യചെയ്യുന്നവരും ഏറെ. ഫേസ്ബുക്കില്‍ വിനോദത്തിന്വേണ്ടി വ്യാജ ഐ.ഡി ഉണ്ടാക്കി രണ്ട് യുവതികള്‍ ചെയ്ത വികൃതികള്‍ അവസാനം നവജാതശിശു ഉള്‍പ്പെടെ മൂന്ന് ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടവരുത്തിയ സംഭവം പൊതുസമൂഹത്തെ ആകമാനം അമ്പരപ്പിച്ചിരിക്കുകയാണ്. കൊല്ലം ചാത്തന്നൂരില്‍ രേഷ്മ എന്ന യുവതി കാമുകനൊപ്പം ജീവിക്കാമെന്ന കണക്കുകൂട്ടലില്‍ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടങ്ങള്ക്കിടയില് ഉപേക്ഷിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തുവെന്ന വാര്‍ത്ത മനുഷ്യമനസാക്ഷിയെ ഒന്നടങ്കം വേദനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് നടത്തിയ തുടരന്വേഷണത്തില്‍ പുറത്തുവന്ന സത്യങ്ങള്‍ നടുക്കമുളവാക്കുന്നതാണ്. രണ്ട് യുവതികള്‍ ഫേസ്ബുക്കില്‍ പുരുഷന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി രേഷ്മയുമായി സൗഹൃദം സ്ഥാപിക്കുകയും നിരന്തരം ചാറ്റിംഗിലേര്പ്പെടുകയുമായിരുന്നു. താനുമായി ചാറ്റിംഗ് നടത്തുന്നത് സുന്ദരനായ ഒരു യുവാവാണെന്ന് തെറ്റിദ്ധരിച്ച രേഷ്മ പ്രണയാതുരയായി മാറിയപ്പോള്‍ ഹരംവന്ന യുവതികളും നവജാത ശിശുവിനെ ഉപേക്ഷിച്ച് കൂടെ വരാന്‍ രേഷ്മക്ക് ചാറ്റിംഗിലൂടെ നിര്‍ദേശം നല്കി. കാമുകന്റെ ആവശ്യമാണെന്ന ധാരണയില്‍ രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു.
കുഞ്ഞിനെ രേഷ്മ ഉപേക്ഷിക്കുമെന്ന് യുവതികള്‍ കരുതിയിരുന്നില്ല. രേഷ്മയെ വെറുതെ കബളിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. കുഞ്ഞ് മരിച്ചതോടെ സംഭവം വേറൊരു തലത്തിലെത്തുകയും പൊലീസ് അന്വേഷണം തങ്ങള്‍ക്കെതിരെ നീങ്ങുകയും ചെയ്തതോടെ രണ്ട് യുവതികളും ആറ്റില്‍ ചാടി ജീവനൊടുക്കുകയുമാണുണ്ടായത്. നേരമ്പോക്കിനായി കാണിച്ച തമാശ എത്ര വലിയ ദുരന്തമാണ് ക്ഷണിച്ചുവരുത്തിയതെന്ന് ചിന്തിക്കുക. ഒരു കുഞ്ഞിന്റെ ജീവനും രണ്ട് യുവതികളുടെ ജീവനും നഷ്ടപ്പെട്ടുവെന്നുമാത്രമല്ല, കാമുകനെ കിട്ടുമെന്ന പ്രതീക്ഷയില്‍ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ട യുവതിയുടെ ജീവിതവും തകര്‍ന്നിരിക്കുകയാണ്. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥയിലെത്തിയ ആ യുവതിക്ക് നിയമനടപടികളും നേരിടേണ്ടിവന്നിരിക്കുന്നു.
വ്യാജ ഫെയ്സ്ബുക്ക് ഐഡികളുണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെ ലക്ഷ്യം സൗഹൃദത്തെ ദുരുപയോഗംചെയ്യുക എന്നതുതന്നെയാണ്. ഇത്തരം ഐഡികളില്‍ മറഞ്ഞിരിക്കുന്നവരുടെ ഗൂഢതന്ത്രങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ ഏറെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഫേസ്ബുക്കിലെ മെസഞ്ചര്‍ ഉപയോഗിച്ച് ചാറ്റിംഗ് നടത്തി പെണ്‍കുട്ടികളെ വശത്താക്കുകയും ഇവരുടെ നഗ്നഫോട്ടോകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് കാമുകന് അറിയിക്കുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടിയെ വരുത്തുന്നു. വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരിക്കും ഭീഷണി. കിട്ടാവുന്നത്ര പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്യും. എന്നെങ്കിലും ഇത്തരക്കാരുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നാല്‍ നഗ്നചിത്രങ്ങള്‍ പുറംലോകം കാണുകയുംചെയ്യും. വിവാഹിതരായ യുവതികള്‍വരെ ഫേസ്ബുക്ക് കാമുകന്മാരുടെ വലയില്‍പെട്ട് ജീവനും ജീവിതവും ബലികൊടുക്കുകയാണ്. സ്ത്രീകളായി അഭിനയിച്ച് പുരുഷന്മാരെ കെണിയില്‍ വീഴ്ത്തി പണം തട്ടുന്ന വേറൊരു കൂട്ടരും ഫേസ്ബുക്കില്‍ സജീവമാണ്.
സുന്ദരിയായ സ്ത്രീയുടെ ചിത്രവും മനോഹരമായ പേരുമുള്ള വ്യാജ പ്രൊഫൈലുകളില്‍നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാന്‍ പുതിയ തലമുറയിലെ യുവാക്കളും മുന്‍തലമുറയിലെ പുരുഷന്മാരും ഒരുപോലെ തയ്യാറാകുന്നുണ്ട്. താമസിയാതെ സുന്ദരിയുടെ പ്രൊഫൈലില്‍നിന്ന് മെസഞ്ചറിലേക്ക് അശ്ലീലസന്ദേശങ്ങള്‍ വരും. ലൈംഗികകാര്യങ്ങളില്‍ അതീവ താത്പര്യമുള്ള യുവതിയുടെ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് വ്യാജ സുന്ദരിയുമായി സെക്സ് ചാറ്റിംഗും നഗ്നവീഡിയോ കോളു മൊക്കെ നടത്തുന്നു. കുറച്ചുദിവസം കഴിയുമ്പോള്‍ സുന്ദരിയുടെ സന്ദേശം ഭീഷണി സ്വരത്തിലേക്ക് വഴിമാറും. താന്‍ തരുന്ന അക്കൗണ്ടിലേക്ക് പണം അയച്ചുതരണമെന്നും ഇല്ലെങ്കില്‍ നഗ്നവീഡിയോ കോളുകളും ചിത്രങ്ങളും പുറത്തുവിടുമെന്നുമൊക്കെയായിരിക്കും ഭീഷണി. പെട്ടുപോകുന്നത് നല്ല സാമ്പത്തിക സ്ഥിതിയുള്ള ആളാണെങ്കില്‍ സമൂഹത്തിലും കുടുംബത്തിലും തനിക്കുള്ള നിലയും വിലയും നഷ്ടമാകുമെന്ന് ഭയന്ന് ആവശ്യപ്പെടുന്ന പണം തയ്യാറാകും. എന്നാല്‍ നിരന്തരം ബ്ലാക്ക്മെയിലിംഗിന് ഇരകളാകുമ്പോള്‍ മാത്രമായിരിക്കും പലരും പൊലീസില്‍ പരാതി നല്കാന് തയ്യാറാകുക. നഷ്ടമായ ആയിരങ്ങളും ലക്ഷങ്ങളും തിരികെ ലഭിക്കാന്‍ ഈ പരാതികള്‍ പ്രയോജനപ്പെടാറുമില്ല. മുഖമില്ലാത്തവര്‍ അപ്പോഴും പുതിയ ഇരകളെ ചൂണ്ടയില്‍കോര്‍ത്ത് രസിക്കുന്നുണ്ടാകും.
അടുത്തറിയാവുന്നവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഹൈജാക്ക് ചെയ്ത് അവരുടേതാണെന്ന് തോന്നിപ്പിക്കുന്ന സന്ദേശങ്ങള്‍ മെസഞ്ചറില്‍ അയച്ച് തെറ്റിദ്ധരിപ്പിച്ച് പണം സമ്പാദിക്കുന്ന രീതിയാണ് ഇപ്പോള്‍ കൂടുതലും കണ്ടുവരുന്നത്. ചികിത്സിക്കാന്‍ പണമില്ലാതെ താന്‍ കടുത്ത ദുരിതത്തിലാണെന്നും പണം നല്കി സഹായിക്കണമെന്നും ഗൂഗിള്‍ പേ ചെയ്യണമെന്നുമായിരിക്കും സന്ദേശം. പണം അയക്കേണ്ട നമ്പറും നല്‍കും. ഇതേക്കുറിച്ച് യഥാര്‍ഥ സുഹൃത്തിനോട് വിളിച്ച് അന്വേഷിക്കാതെ ഗൂഗിള്‍ പേ ചെയ്താല്‍ ഇതിലൂടെ അക്കൗണ്ട് ചോര്‍ത്തി സമ്പാദിച്ചുകൂട്ടിയ സകല പണവും അജ്ഞാതന്‍ കൈക്കലാക്കുമെന്നുറപ്പാണ്. ഈ രീതിയില്‍ നിരവധി പേര്‍ക്കാണ് പണം നഷ്ടമായത്. സായിപ്പുമാരുടെയും മദാമ്മമാരുടെയും ചിത്രങ്ങളും പേരുകളും ഉപയോഗിച്ച് വ്യാജ ഐ.ഡികളുണ്ടാക്കി പണം പിടുങ്ങുന്ന വിരുതന്മാരും നമ്മുടെ നാട്ടിലുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലണ്ട്, ജപ്പാന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്നവരാണെന്ന വിശദാംശങ്ങളോടെ വിശ്വാസ്യത വരുത്തുന്ന രീതിയിലായിരിക്കും ഇവരുടെ ഫേസ്ബുക്ക് പേജും ഐ.ഡിയും. ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങളും ഡോളറും അയച്ചുതരാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പിന് സാഹചര്യമുണ്ടാക്കുന്നത്. ഇത് സ്വീകരിക്കാന്‍ തയ്യാറാകുന്നവരുടെ പേരും വിലാസവും ജില്ലയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പേരുകളും ഫോണ്‍നമ്പറും വാങ്ങിയശേഷം സമ്മാനവും പണവും അയച്ചതായി അടുത്ത സന്ദേശം ഫേസ്ബുക്കിലെ മെസഞ്ചറില്‍ വരുന്നു. സമ്മാനം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനമാര്‍ഗം എത്തിയിട്ടുണ്ടെന്നും എല്ലാംകൂടി പത്തു ലക്ഷത്തിന്റെ മുതലുണ്ടെന്നും ഇതിന് ഒരു ലക്ഷം രൂപയുടെ നികുതി അടക്കണമെന്നും എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സന്ദേശം ഫോണിലേക്ക് വരും. ഒരു ലക്ഷം അടക്കുന്നതിന് അക്കൗണ്ട് നമ്പറും നല്‍കും.
ഒമ്പത് ലക്ഷത്തിന്റെ സമ്മാനത്തിന് ഒരു ലക്ഷം നികുതി അടക്കുന്നതില്‍ എന്താണ് നഷ്ടമെന്ന് ചിന്തിച്ച് തുക വ്യാജ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് അറിയുന്നത് വീട്ടുപടിക്കല്‍ സമ്മാനമെത്തുന്നതും കാത്ത് വലയുമ്പോഴാണ്. പ്രണയവും പണവും ലൈംഗികതയും തട്ടിപ്പിന് ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമോ അതൊക്കെ വിജയകരമായി നടപ്പാക്കാന്‍ കഴിയുന്ന ഗൂഢ സംഘങ്ങളുടെ വലയില്‍ അകപ്പെടാതിരിക്കുക എന്നതുതന്നെ വലിയൊരു സാമൂഹിക ഉത്തരവാദിത്വമായിമാറുകയാണ്. വ്യാജ ഐ.ഡികളില്നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക എന്നതുതന്നെയാണ് വഞ്ചിക്കപ്പെടാതിരിക്കാനുള്ള ഏറ്റവും ഉത്തമമായമാര്‍ഗം. ഇത്തരം പ്രൊഫൈലുകളില്‍ മതിയായ പരിശോധന നടത്തണം. ഫേസ്ബുക്ക് ഐ.ഡികള്‍ യഥാര്‍ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും നിലവിലുണ്ട്. അക്കാര്യത്തില്‍ വൈദഗ്ധ്യമുള്ളവരുടെ സഹായം തേടുന്നത് ഉചിതമായിരിക്കും. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാല്‍ തന്നെ സന്ദേശങ്ങളുടെ സ്വഭാവം മനസിലാക്കി ജാഗ്രതയോടെ പ്രതികരിക്കണം. ദുരുപയോഗം ചെയ്യുന്നതിനുള്ള ഒരവസരത്തിനും ഇട നല്‍കരുത്. ഫോട്ടോകളും ഫോണ്‍ നമ്പറുകളും അക്കൗണ്ട് നമ്പറുകളും മെസഞ്ചറില്‍ നല്‍കാതിരിക്കുക. വീഡിയോ കോളുമായും സഹകരിക്കരുത്. ജാഗ്രതയോടെ കൈകാര്യം ചെയ്താല്‍ ആപത്തുകള്വഴിമാറിപ്പോകുക തന്നെ ചെയ്യും.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

