തിരുവനന്തപുരം: കന്നുകാലികളുടെ അറവ് നിരോധനം സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കും. നടപ്പാക്കാന്‍ പ്രയാസമുള്ള തീരുമാനമാണ് ഇതെന്നും പ്രയോഗികമല്ലെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രിക്ക് കത്തയക്കുകയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് സംസ്ഥാനം കടക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാഷ്ട്രത്തിന് ചേര്‍ന്ന നടപടിയല്ല കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ബിജെപി സര്‍ക്കാര്‍ ഇഷ്ടങ്ങളും തീരുമാനങ്ങളും രാജ്യത്ത് ഒന്നാകെ അടിച്ചേല്‍പ്പിക്കുകയാണ്. ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാറിന് അവകാശമില്ല. നിരോധനം ആയിരകണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.