ഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോസ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെടി ജലീല്‍ രാജിവക്കേണ്ടെന്ന് സിപിഎം. പോളിറ്റ്ബ്യൂറോയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും ജലീലിനെ പിന്തുണച്ച് രംഗത്തെത്തി.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ തേടി എന്നതിന്റെ പേരില്‍ മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎം ആരോപണം.

നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ജലീലിനെ ചോദ്യംചെയ്തത്. ഇതിനു പിന്നാലെ സംസ്ഥാനത്തെങ്ങും കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേയ്ക്കും വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു.മന്ത്രി കെടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ രാജ്യദ്രോഹ കുറ്റത്തിന് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. മയക്കുമരുന്ന് കേസും സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലീലിനെ ചോദ്യം ചെയ്തത് അറിഞ്ഞിട്ടും സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. പലതും മറച്ച് വെക്കാനാണ് ജലീല്‍ ഒളിച്ചു നടക്കുന്നത്. സ്വര്‍ണക്കടത്തിന് മുഖ്യന്ത്രിയുടെ ഓഫീസില്‍ നിന്നാണ് സഹായം ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.