X
    Categories: CultureMoreNewsViews

പേരാമ്പ്രയിലെ സി.പി.എമ്മിന്റെ പള്ളി ആക്രമണം വര്‍ഗീയ കലാപം ലക്ഷ്യമിട്ടെന്ന് പൊലീസ്

കോഴിക്കോട്: ശബരിമലയില്‍ ക്ഷേത്രത്തിന്റെ പരിശുദ്ധി തകര്‍ക്കുന്ന സി.പി.എം പേരാമ്പ്രയില്‍ പള്ളി ആക്രമിച്ചത് ആസൂത്രിതമെന്ന് വ്യക്തമാകുന്നു. പേരാമ്പ്രയില്‍ മുസ്‌ലിം പള്ളിക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത് മന:പൂര്‍വ്വം കലാപമുണ്ടാക്കാന്‍ വേണ്ടിയാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയതോടെയാണ് മതവിരുദ്ധരുടെ പൂച്ച് പുറത്തായത്.
സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഇരുപതോളം പേരാണ് അക്രമണത്തില്‍ പങ്കെടുത്തെന്ന് എഫ്.ഐ.ആര്‍ പറയുന്നു. കഴിഞ്ഞ മൂന്നിന് ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് ആറരക്കാണ് സംഭവം. പേരാമ്പ്ര വടകര റോഡ് കവലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ അക്രമണം അഴിച്ചുവിട്ട ശേഷമാണ് ജുമാ മസ്ജിദിന് നേരെ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ കല്ലെറിഞ്ഞത്

.

എന്നാല്‍, പള്ളിക്ക് കല്ലെറിഞ്ഞത് തങ്ങളല്ലെന്ന വ്യാജ പ്രചാരണമാണ് സി.പി.എം നടത്തിയത്. ഇതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ നേതാവുമായ അതുല്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ന്യൂനപക്ഷ സംരക്ഷണവും മതമൈത്രിയും പ്രസംഗിക്കുന്ന സി.പി.എമ്മിന്റെ ഒളിച്ചുകളി പുറത്തായി. ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി കൂടിയാണ് അതുല്‍ദാസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് 153 എ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മുസ്‌ലിം ലീഗ് ഓഫീസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണില്‍ പതിച്ചെന്നാണ് സി.പി.എം പിന്നീട് ന്യായീകരിച്ചത്. എന്നാല്‍, ഈനുണ പൊളിക്കുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതോടെ സി.പി.എം പ്രവര്‍ത്തകര്‍ ആസൂത്രിതമായി പള്ളിക്ക് കല്ലെറിയുന്നതായി പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഉന്നത സി.പി.എം നേതാക്കള്‍ ഇടപെട്ട് കേസ്സ് അട്ടിമറിക്കാനുള്ള ശ്രമം വിഫലമായിത്. വ്യക്തമായ തെളിവുകള്‍ സ്ഥിരീകരിച്ചതോടെ അറസ്റ്റ് അനിവാര്യമായി. പ്രദേശത്ത് വര്‍ഗീയ ലഹള ലക്ഷ്യമാക്കിയാണ് സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്ക് കല്ലെറിഞ്ഞതെന്ന പൊലീസ് കണ്ടെത്തല്‍ ഏറെ ഗൗരവമുള്ളതാണ്.

ശബരിമല വിഷയത്തില്‍ ഹര്‍ത്താലുമായി ബന്ധമില്ലാത്ത യൂത്ത് കോണ്‍ഗ്രസുകാരെയാണ് ഇവര്‍ ആദ്യം അക്രമിച്ചത്. വ്യാജ പ്രചാരണങ്ങളുമായ് സി.പി.എം പിന്നീട് രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസാണ് ചെയ്തതെന്ന ആരോപണം സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായതോടെ പാളി. തുടര്‍ന്ന് സംഘര്‍ഷത്തിനിടയില്‍ സംഘപരിവാറാണ് പള്ളിക്ക് കല്ലെറിഞ്ഞതെന്നായി സി.പി.എം നുണ പ്രചാരണം. ഇത് മറുവിഭാഗം ഏറ്റുപിടിച്ചിരുന്നെങ്കില്‍ പലഭാഗത്തും വര്‍ഗീയ കലാപം ഉണ്ടാകുമായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: