ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാധീതമായി ഉയര്‍ന്നതോടെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളിലെ സ്‌കൂളുകള്‍ മൂന്നു ദിവസത്തേക്ക് കൂടി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തുലക്ഷത്തോളം വിദ്യാര്‍ത്ഥികളെ തീരുമാനം ബാധിക്കും.
വെള്ളിയാഴ്ച ഭാഗികമായും ശനിയാഴ്ച പൂര്‍ണമായും സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു. ഇത് ബുധനാഴ്ച വരെ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. കൂടാതെ തലസ്ഥാന നഗരിയില്‍ നടന്നുവരുന്ന എല്ലാ നിര്‍മാണ, കെട്ടിടംപൊളിക്കല്‍ പ്രവൃത്തികളും അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈര്‍പ്പം കൂടുതലായതിനാല്‍ പുകപടലങ്ങളും ധൂളികളും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതിനാലാണിത്.
ബദര്‍പൂര്‍ ഊര്‍ജ്ജ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്. അടുത്ത പത്തു ദിവസത്തേക്കാണ് പവര്‍പ്ലാന്റ് അടച്ചിടുക. ഡല്‍ഹി നഗരത്തില്‍ മലിനീകരണ പ്രശ്‌നം സൃഷ്ടിക്കുന്ന പ്രധാന കേന്ദ്രമാണ് ബദര്‍പൂര്‍ പവര്‍ പ്ലാന്റെന്ന് നേരത്തെ കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം വ്യക്തമാക്കിയിരുന്നു. ഡീസല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അനധികൃത ചേരികളും കോളനികളും കൂറ്റന്‍ ഡീസല്‍ ജനറേറ്ററുകളെയാണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. ഇത്തരം കോളനികള്‍ സര്‍ക്കാര്‍ തീരുമാനത്തോടെ ഇരുട്ടിലാകും.
നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഓഡ് ഇവന്‍ ഗതാഗത പരിഷ്‌കാരം തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. അന്തരീക്ഷനില മെച്ചപ്പെടുന്നതുവരെ കഴിയുന്നതും ആളുകളോട് വീടനകത്തു തന്നെ കഴിയാനും വീട്ടിലിരുന്ന് ജോലികള്‍ നിര്‍വഹിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പൊടിശല്യം ഒഴിവാക്കുന്നതിന് റോഡുകളില്‍ വെള്ളം സ്േ്രപ ചെയ്യും.
നവംബര്‍ 10 മുതല്‍ 100 അടിയില്‍ കൂടുതല്‍ വീതിയുള്ള എല്ലാ പി.ഡബ്ല്യു.ഡി റോഡുകളിലും വാക്വം ക്ലീനിങ് നടത്തും. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ മാലിന്യം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തില്‍ കൃത്രിമമായി മഴ പെയ്യിച്ച് മാലിന്യം നീക്കുന്നതിന് നടപടി വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ചീഫ് സെക്രട്ടറി, പരിസ്ഥിതി സെക്രട്ടറി എന്നിവരെ ഇതിനുള്ള സാധ്യത പരിശോധിക്കാന്‍ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി അനില്‍ ദവേയുമായി ഡല്‍ഹി മുഖ്യമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തി. നിലവിലെ സ്ഥിതിഗതിയും വിഷയത്തിന്റെ ഗൗരവവും കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായി കെജ്്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.