കൊല്ലം: യുവാവ് ബൈക്കിലിരുത്തി കൊണ്ടുപോവുകയായിരുന്ന നായ റോഡിലേക്ക് എടുത്തുചാടിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. യുവാവിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത നായ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞു. ഇതോടെ പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് വെട്ടിത്തിരിച്ചതിനാല്‍ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

അഞ്ചാലുംമൂടിന് സമീപം കടവൂര്‍ ജങ്ഷനില്‍ രാവിലെയാണ് അപകടമുണ്ടായത്. പരസഹായമില്ലാതെ യുവാവ് ബൈക്കില്‍ നായയുമായി പോവുകയായിരുന്നു. യുവാവിന്റെ പിന്നിലിരുന്ന നായ പെട്ടന്ന് റോഡിലേക്ക് ചാടിയതാണ് അപകടത്തിന് കാരണമായത്. കടവൂര്‍ ജങ്ഷനില്‍ പഴങ്ങള്‍ വില്‍ക്കുന്ന കടയുടെ ഉടമയായ ശിവരാജനാണ് പരിക്കേറ്റത്.

ബസ് ഇടിച്ചുകയറിയതിനാല്‍ രണ്ട് കടകളുടെ ഗ്രില്ലുകള്‍ തകര്‍ന്നു. മറ്റ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കടകള്‍ക്ക് മുന്നിലെ ടെലിഫോണ്‍ പോസ്റ്റും ബസിടിച്ച് തകര്‍ന്നു. അപകടമുണ്ടായതിന് പിന്നാലെ നായയുമായി വന്ന യുവാവ് സ്ഥലത്ത് നിന്ന് മുങ്ങി. നായയും സ്ഥലത്ത് നിന്ന് ഓടിപ്പോയി. ബൈക്കും ബസും അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.