അമേരിക്കയിലെ ചാൾസ്റ്റനിൽ കറുത്ത വർഗക്കാരുടെ ചർച്ചിൽ അതിക്രമിച്ചു കയറി ഒമ്പത് പേരെ വെടിവെച്ചു കൊന്ന ഡൈലൻ റൂഫിനെ കറുത്ത വർഗ്ഗക്കാരനായ യുവാവ് ജയിലിൽ വെച്ചു മർദിച്ചു. ഈ വാർത്ത പുറം ലോകമറിഞ്ഞതോടെ റൂഫിനെ മർദ്ദിച്ച ഡ്വെയിൻ സ്റ്റഫോഡിന്റെ തലവര മാറി. കെട്ടിവെക്കാൻ പണമില്ലാതെ ജയിലിൽ കിടക്കുകയായിരുന്ന സ്റ്റഫോഡിനെ തേടി അമേരിക്കയുടെ നാനാ ഭാഗങ്ങളിൽ നിന്ന് സംഭാവനാ പ്രവാഹമായിരുന്നു. പണം കെട്ടിവെച്ച ഡ്വെയിൻ സ്റ്റഫോഡ് പുരത്തിറങ്ങുകയും ചെയ്തു.
2015 ജൂണിലാണ് ഡൈലൻ റൂഫ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരകൃത്യം ചെയ്തത്. പ്രാർത്ഥനാ സദസ്സിനു നേരെ പ്രകോപനമില്ലാതെ വെടിയുതിർത്ത ഇയാളെ മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസ് പിടികൂടിയത്. വിചാരണാ വേളയിൽ വെളുത്ത വർഗ്ഗക്കാരനായ റൂഫിന് പ്രത്യേക പരിഗണന ലഭിക്കുന്നതായി ആക്ഷേപം ഉയർന്നത് കറുത്ത വർഗ്ഗക്കാരുടെ കനത്ത പ്രതിഷേധത്തിനിടയാക്കി.
മനോരോഗിയെന്ന പേരിൽ ഡൈലൻ റൂഫിനെ ജയിൽ മോചിതനാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ ക്കിടെയാണ് ഡ്വെയിൻ സ്റ്റാഫോഡ് കൊലയാളിയെ മർദിച്ചത്. രാവിലെ റൂഫ് കുളിക്കുന്ന സമയത്ത് ഒരു ഗാർഡിന്റെ സഹായത്തോടെ സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മുഷ്ടി ഉപയോഗിച്ചു 15 മിനിറ്റോളം മർദനം തുടർന്നു. സംഭവത്തിന് ദൃക്സാക്ഷിയായിട്ടും പിന്തിരിപ്പിക്കാതിരുന്ന ഉദ്യോഗസ്ഥനെതിരെ കോടതി നിയമ നടപടി സ്വീകരിച്ചു.