Video Stories
അഛേദിന്‍ വ്യാമോഹ കാലത്തെ മോദിമാരുടെ സംഘടിത കൊള്ള
ലുഖ്മാന് മമ്പാട്
വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലെത്തിക്കുമെന്നും സ്വിസ് ബാങ്കില്‍ മാത്രം ഇന്ത്യക്കാരുടെ 70 ലക്ഷം കോടി നിക്ഷേപം ഉണ്ടെന്നും എല്ലാവരുടെയും അക്കൗണ്ടുകളില്‍ ഒന്നര ലക്ഷം രൂപ വീതമെത്തുമെന്നുമായിരുന്നു അഛാദിന്‍ വാഗ്ദാനങ്ങളിലെ ഹൈലെറ്റ്. മോദി വര്‍ഷം നാലാവുമ്പോള്‍ ഇന്ത്യയിലെ പണവുമായി വിദേശത്തേക്ക് രക്ഷപ്പെടുന്ന സംഭവം പുതുമയല്ലാതായി എന്നതാണ് നേര്. വിദേശത്തെ കള്ളപ്പണം ലഭിച്ചില്ലെന്നു മാത്രമല്ല, സ്വദേശത്തെ നല്ല പണം കടത്തുകയും ചെ യ്യുന്നു. മോദിയെ കെട്ടിപ്പിടിക്കുന്ന കള്ളന്മാരുടെ പേരിലും ‘മോദി’ വന്നത് യാദൃച്ഛികമാണോ എന്നറിയില്ല. അംബാനിയും അദാനിയും മോദിമാരും രാജ്യത്തിന്റെ സമ്പത്ത് ഊറ്റിയെടുത്ത് തടിച്ചുകൊഴുക്കുന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എത്രകാലം പൂഴ്ത്തിവെക്കാനാവും.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി രൂപ തട്ടിച്ച് നീരവ്മോദി എന്ന വജ്ര വില്പനക്കാരന് കഴിഞ്ഞ 13നാണ് രാജ്യത്തുനിന്ന് മുങ്ങിയത്. 3695 കോടിയുടെ വായ്പ തട്ടിയെടുത്ത് റോട്ടോമാക് പേന നിര്‍മാതാവ് വിക്രം കോത്താരി മുങ്ങിയ വാര്‍ത്തയും പിന്നാലെയെത്തി. ആദ്യം ബാങ്ക് ഓഫ് ബറോഡയാണ് എണ്ണൂറു കോടി രൂപ തട്ടിച്ചതായി ഇയാള്‍ക്കെതിരെ പരാതി നല്കിയതെങ്കില് പിന്നീട് യൂണിയന് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങി ഏഴു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2,919 കോടി രൂപ കോത്താരി വായ്പയെടുത്തെന്ന വിവരം പുറത്തുവന്നു.
രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ 61,260 കോടി രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. വെറും 8670 കേസുകളിലാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 17634 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നു. നീരവ് മോദിയുടെ 12000 കോടിയും വിക്രം കോത്താരിയുടെ 4000 കോടിയും ചേര്‍ന്നാലോ. 836,782 കോടി രൂപയുടെ കിട്ടാക്കടമാണ് രാജ്യത്ത് ബാങ്കിങ് മേഖലയിലുള്ളത്. ഇതില്‍ 733,974 കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്.
ഇന്ത്യന്‍ ബാങ്കുകളിലെ മൊത്തം കിട്ടാക്കടത്തില്‍ 85 ശതമാനത്തോളം അഞ്ചു കോടി രൂപക്കു മുകളിലുള്ള വായ്പകളാണ്. മൊത്തം കുടിശികയുടെ മുഖ്യ പങ്ക് അടക്കാനുള്ളത് 150 ഓളം മുന്‍നിര വ്യവസായ ഗ്രൂപ്പുകളും. 9.9 ശതമാനം അറ്റ നിഷ്ക്രിയ ആസ്തിയുള്ള ഇന്ത്യന്‍ ബാങ്കിങ് മേഖല കിട്ടാക്കടത്തിന്റെ കാര്യത്തില്‍ ബ്രിക്സ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് അഞ്ചാം സ്ഥാനത്തുമാണ്. പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.11 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഇമ്പമുള്ളതും ഫലത്തില്‍ കടക്കല്‍ കത്തിവെക്കുന്നതുമാണ്. കേന്ദ്ര ബജറ്റിന്റെ അഞ്ചില്‍ ഒന്നും ഇങ്ങനെ ബാങ്കിന് നല്കുമ്പോള് അതെത്തിച്ചേരുന്നത് അംബാനി, അദാനി, വിജയ് മല്യ, ലളിത് മോദി, നീരവ് മോദിമാരിലേക്കാണെന്നത് രഹസ്യമല്ല. ഇതിനു പുറമെയാണ് കടപ്പത്രം വഴി 1.35 ലക്ഷം കോടിയുടെ സമാഹരണം.
ഈയടുത്ത് പുറത്തുവന്ന ഇന്റര്‍നാഷണല്‍ റെറ്റ്സ് ഗ്രൂപ്പായ ഓക്സ്ഫാമിന്റെ വാര്‍ഷിക ഓക്സ്ഫാം സര്‍വേയില്‍ പറയുന്നത് ഇന്ത്യയിലേ ആകെ സമ്പത്തിന്റെ 73 ശതമാനം സമ്പത്തും കൈവശം വെച്ചിരിക്കുന്നത് ഒരു ശതമാനം മാത്രം വരുന്ന ധനവാന്‍മാരിലാണെന്നാണ്. ആ ഒരു ശതമാനത്തിന്റെ മൊത്തം ആസ്തി 20.9 ലക്ഷം കോടി രൂപയിലേറെയാണ്. കേന്ദ്ര പൊതു ബജറ്റിനേക്കാളും വരുമിത്. കഴിഞ്ഞ വര്‍ഷം 4.89 ലക്ഷം കോടിയുടെ വര്‍ധനവാണ് ആ ഒരു ശതമാനത്തിനുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17 പേരാണ് 100 കോടി ആസ്തിയുള്ളവരുടെ പട്ടികയില്‍ പുതുതായി ഇടം നേടിയത്.
ഈയൊരു ശതമാനം വരുന്ന കോര്‍പറേറ്റുകളുടെ 114000 കോടിയുടെ കടമാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത്. അതിനു പുറമെ 90 ശതമാനം ജനത്തിനുള്ള പണത്തില്‍ നിന്നാണ് 9000 കോടി രൂപയുമായി വിജയ് മല്യയെന്ന മദ്യവ്യവസായി ലണ്ടനിലേക്ക് രക്ഷപ്പെട്ടത്. ഇപ്പോള്‍ 11300 കൊടി തട്ടിച്ച് നീരവ് മോദി രക്ഷപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമെല്ലാം വിദേശ പൗരത്വമുള്ളവരും അവിടെ സുരക്ഷിതരുമാണ്. നോട്ടീസ് അയച്ചാലോ, നിയമ നടപടി ശക്തമായി നീക്കിയാലോ നഷ്ടപ്പെട്ടതില്‍ ഒരു രൂപ പോലും തിരിച്ചു കിട്ടില്ല. കാരണം ഈ വായ്പകളില്‍ ഏറിയ കൂറും നല്‍കിയിരിക്കുന്നത് വേണ്ടത്ര ഈടില്ലാതെയാണ്. അല്ലെങ്കില്‍ പി.എന്‍.ബിയില്‍ നടന്നത് പോലെ വ്യാജ രേഖകളുടെ ബലത്തിലാണ് കുത്തകകള്‍ക്ക് വായ്പ നല്‍കുന്നത്. തിരിച്ചടവില്ലെങ്കില്‍ ഈടാക്കാന്‍ ഒന്നുമുണ്ടാവില്ല. നീരവ് മോദി വിദേശത്തു നിന്ന് പി.എന്‍.ബിയോടും സി.ബി.ഐയോടും ഭീഷണിപ്പെടുത്തിയത്, നിങ്ങള്‍ റെയ്ഡ് നടത്തുന്നത് കമ്പനിയുടെയോ തന്റെയോ സ്വത്തിലല്ലെന്നാണ്. വിജയ് മല്യക്ക് 4400 കോടിയുടെ കണ്‍സോര്‍ഷ്യം വായ്പ അനുവദിച്ചത് കിംഗ് ഫിഷര്‍ എന്ന ബ്രാന്‍ഡ് നെയ്മും വാടകക്ക് എടുത്ത വിമാനങ്ങളുമായിരുന്നു. മല്യ മുങ്ങിയപ്പോള്‍ വിമാനങ്ങള്‍ ഉടമകള്‍ കൊണ്ടുപോയി. എല്ലാം അറിയുന്ന ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദിയും കുടുംബാംഗങ്ങളും അമ്മാവനും ഉള്‍പ്പെട്ട ലോബി നടത്തിയ തട്ടിപ്പിന്റെ പേരില്‍ മുംബൈ ബ്രാഡി ഹൗസ് ശാഖയിലെ ഏതാനും ജീവനക്കാര്‍ക്ക് ജോലി പോയത്രെ. തലമുറകള്‍ക്ക് ജീവിക്കാനുള്ളത് സമ്പാദിച്ചവര്‍ക്ക് എന്തു ജോലി. ലെറ്റര്‍ ഓഫ് ക്രെഡിറ്റും ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്ങും പി.എന്‍.ബി കൊടുക്കുമ്പോള്‍ നീരവ് മോദിയുടെ ജാമ്യം എന്തായിരുന്നു. ഇപ്പോള്‍ സി.ബി.ഐ റെയ്ഡ് നടത്തുന്നതൊന്നുമല്ലെന്നും ചില ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള ചങ്ങാത്തമാണെന്നുമാണ് ആരോപണം. 270 കോടി രൂപയുടെ തട്ടിപ്പ് പുറത്തായപ്പോള്‍ ബാങ്ക്, സി.ബി.ഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നല്കിയ പരാതി നിലനില്‍ക്കെയാണ് അതിലും വലിയ തട്ടിപ്പ് നടന്നത്. 2016 ജൂലൈ 29 നു ബാംഗ്ലൂരിലെ ബിസിനസുകാരനായ ഹരി പ്രസാദ് ഇത്തരം ഒരു തട്ടിപ്പ് നടക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവത്രെ. വിജയ് മല്യയെ പോലെ ഇദ്ദേഹവും വിദേശത്തേക്ക് കടന്നുകളയുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. നീരവ് മോദിയുടെ അമ്മാവനും ഗീതാഞ്ജലി ജെംസ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മേഹുല്‍ എം ചോക്സിയെ കുറിച്ചാണ് പരാതിയില്‍ പ്രധാനമായും ആരോപണം.
ഈ മേഖലയിലുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ലെറ്റര്‍ ഓഫ് ക്രെഡിറ്റിന്മേല്‍ കോടികള്‍ വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ ബാങ്കിന്റെ സ്വിഫ്റ്റ് സാങ്കേതിക സംവിധാനം മറികടന്നത് എങ്ങനെ, ഇടപാടുകള്‍ ബാങ്ക് രേഖകളില്‍ എന്തുകൊണ്ട് ഉള്‍പ്പെട്ടില്ല, ഒരു മാനേജരും കാഷ്യറും ഏതാനും ക്ലര്‍ക്കുമാരും ചേര്‍ന്നു നടത്തുമോ, ഒരു പരിശോധനയുമില്ലാതെ അലഹബാദ് ബാങ്ക് 4000 കോടിയും ആക്സിസ് ബാങ്ക് 3000 കോടിയും യുകോ ബാങ്ക് 100 കോടി രൂപയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 25 കോടിയും യൂണിയന് ബാങ്ക് 2000 കോടിയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് സ്വീകരിച്ച് വായ്പ നല്‍കിയതിന്റെ യുക്തിയെന്ത്. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഉള്‍പ്പെടെ മറ്റ് 17 ബാങ്കുകള്‍ വായ്പയായി നല്‍കിയിരിക്കുന്നത് 3000 കോടി രൂപയാണെന്നാണ് പ്രാഥമിക വിവരം.
ദാവോസില്‍ പ്രധാനമന്ത്രിക്ക് ഒപ്പം നില്ക്കു ന്ന നീരവ് മോദിയുടെ ചിത്രവും ഒരു വായ്പാ ഈടാണ്. സാധാരണക്കാരന് കാര്‍ഷികാവശ്യത്തിനോ വീടുവെക്കാനോ വിവാഹത്തിനോ ചെറിയ വായ്പകള്‍ക്ക് സമീപിക്കുമ്പോഴുള്ള തടസ്സവാദങ്ങളോ അവയുടെ തിരിച്ചടവ് മുടങ്ങിയാലുള്ള ജപ്തി നടപടികളോ മഹാകള്ളന്മാര്ക്ക് ഇല്ലെന്നു മാത്രമല്ല, അതിന്റെ പേരിലും ബാങ്കുകള്‍ക്ക് പൊതുപണം കയ്യിട്ടുവാരാന്‍ അവസരം ലഭിക്കുകയാണ് ചെയ്യുന്നത്.
പുതിയ ബാങ്കിങ് തട്ടിപ്പുകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയായി വന്നപ്പോള്‍ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എഫ്.ഐ. ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെന്നും ഇടപെടരുതെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചപ്പോള്‍ അടുത്ത 16ലേക്ക് കേസ് നീട്ടി സുപ്രീം കോടതി മൗനത്തിന്റെ കുപ്പായമണിയുകയായിരുന്നു.
3000 കോടി ചെലവഴിച്ച് മുംബൈയില്‍ ശിവജി പ്രതിമയും 2500 കോടി മുടക്കി ഗുജറാത്തില്‍ പട്ടേല്‍ പ്രതിമയും ഉണ്ടാക്കുമ്പോള്‍ കക്കൂസുകളുടെ പരസ്യത്തിനായി 3755 കോടിയും ചെലവാക്കുന്നു. 4500 കോടി മുടക്കി പ്രധാനമന്ത്രിക്ക് മിസൈല്‍ പ്രൂഫ് വിമാനം വാങ്ങുമ്പോള്‍ കൂടെ സഞ്ചരിക്കുന്നതും കൊള്ളക്കാരായ മോദിമാരാണ്. ലോകത്താകമാനം കഴിഞ്ഞ ഒരു വര്‍ഷം സമ്പാദിക്കപ്പെട്ട സമ്പത്തിന്റെ 82 ശതമാനം എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു ശതമാനം സമ്പന്നരിലേക്കാണെന്ന കണക്കുമായി തട്ടിച്ചു നോക്കുമ്പോള്‍ 2033ല്‍ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എന്ന പരസ്യ വാചകത്തിന്റെ സാംഗത്യവും ചിന്തിക്കണം. ഗ്രാമത്തില്‍ കൂലിവേല ചെയ്യുന്ന ഒരാളുടെ ഒരു വര്‍ഷത്തെ വരുമാനവും കോര്‍പറേറ്റ് സ്ഥാപനത്തിലെ ജോലിക്കാരന്റെ 17.5 ദിവസത്തെ വരുമാനവും തുല്യമാണ്.
നികുതി ഇളവുകളും വായ്പാ ഉദാര സമീപനവും ഒരു ശതമാനത്തില്‍ കേന്ദ്രീകരിക്കാനും തൊണ്ണൂറു ശതമാനവും നോട്ടപ്പുള്ളികളാവാനും അധികം കാരണം തിരയേണ്ടതില്ല. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സില്‍ 97-ാം സ്ഥാനവും 2016 ലെ ഹ്യൂമന്‍ ക്യാപിറ്റല്‍ ഇന്‍ഡക്സില്‍ 105-ാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളതെന്നാണ് സര്‍വേകള്‍ പറയുന്നത്. ഇന്റര്‍നാഷണല്‍ ചൈല്‍ഡ് ഡേ റിപ്പോര്‍ട്ടില്‍ സ്കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ 116-ാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കക്കും (78) പിന്നില്‍. ജനത്തിന്റെ ജീവിത നിലവാരം താഴോട്ടും സമ്പന്നരുടെ വരുമാനം മുകളിലോട്ടും പോകുമ്പോഴും ജി.ഡി.പി ഉയരുന്നുന്നതിന്റെ അര്‍ത്ഥമെന്താണ്.
പിടിച്ചുപറിയും കൊള്ളയും ഭരണകൂടത്തിന്റെ പേരിലാവുമ്പോള്‍ അതു നിയമവിധേയമാകുമെന്നാണ് വെപ്പ്. ജനാധിപത്യ രാജ്യത്ത് പൗരന്മാര് ബന്ദിയാക്കപ്പെടുകയും പല നിയമത്തിന്റെയും പേരില്‍ പാപ്പരാക്കപ്പെടുകയും ചെയ്യുമ്പോള്‍ മുടിഞ്ഞു പോകുന്നത് യഥാര്‍ത്ഥത്തില്‍ രാജ്യം തന്നെയാണ്. നിയമ വിധേയമായ സംഘടിത കൊള്ള എന്ന് ലോകത്തെ ഒന്നാംകിട സാമ്പത്തിക ശാസ്ത്രജ്ഞന് ഡോ. മന്മോഹന് സിങ് രാജ്യസഭയില്‍ പൊട്ടിത്തെറിക്കുമ്പോള്‍ അപൂര്‍വമായി മാത്രം പാര്‍ലമെന്റിലെത്താറുള്ള പ്രധാനമന്ത്രി മോദി തലക്ക് കൈകൊടുത്ത് നിര്‍വികാരനായി ഇരിക്കുന്ന ചിത്രം മറക്കാന്‍ സമയമാട്ടില്ല. രാജ്യത്ത് നിലവിലുള്ള 86 ശതമാനം നോട്ടുകള്‍ (500, 1000) നിരോധിച്ച് ജനം ബാങ്കിന് മുമ്പില്‍ ക്യൂ നില്ക്കുമ്പോള് 2016 നവംബര്‍ 24നാണ് സംഭവം. നോട്ടുമാറ്റത്തിന്റെ പേരില്‍ ‘സംഘടിത കൊള്ള’യും ‘നിയമപരമാക്കപ്പെട്ട പിടിച്ചുപറി’യുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ഓര്‍മ്മപ്പെടുത്തിയ മന്മോഹന് സിങ് ഇതിന്റെ പേരില്‍ ജി.ഡി.പി രണ്ടു ശതമാനം ഇടിയുമെന്നും പ്രവചിച്ചു.
അന്‍പതു ദിവസങ്ങള്‍ തരൂ, എല്ലാം നേരെയായില്ലെങ്കില്‍ തന്നെ ചുട്ടു കൊല്ലൂവെന്ന് രാജ്യത്തോട് പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദി പക്ഷെ, മന്മോഹന് സിങിന്റെ വിമര്‍ശനത്തോട് പുഛത്തോടെയും പരിഹാസത്തോടെയുമാണ് പ്രതികരിച്ചത്. മഴക്കോട്ടിട്ട് കുളിക്കുന്നവന് എന്നു മോദി കുറ്റപ്പെടുത്തിയ മന്മോഹന് സിങ് പറഞ്ഞത് വര്‍ഷം ഒന്നാകും മുമ്പ് എല്ലാവരും കണ്ടതും അനുഭവിക്കുകയുമാണ്. 7965 കോടി രൂപയാണ് നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് നഷ്ടമായത്. ജോലി-വ്യവസായ നഷ്ടം ഇതിനു പുറമെയുണ്ട്. ഇപ്പോഴും പഴയ നോട്ടെടുക്കുന്നവര്‍ പിടിയിലാകുമ്പോള്‍ നോട്ടസാധുവാക്കലിന്റെ പിന്നിലെ നിഷ്കളങ്കത ആര്‍ക്കും ഊഹിക്കാം.
ലോക രാജ്യങ്ങള്‍ സാമ്പത്തികമായി കൂപ്പുകുത്തിയപ്പോഴും ഒരു പോറലുമേല്‍ക്കാതെ ഇന്ത്യയെ പിടിച്ചുനിര്‍ത്താന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് സഹായകമായത് രാജ്യ ത്തെ ശക്തമായ പൊതുമേഖലാ ബാങ്കുകളായിരുന്നു. നോട്ടു നിരോധനത്തിന്റെ പേരില്‍ ജനത്തിന്റെ കീശയിലെ പണം അപ്പാടെ ബാങ്കുകളില്‍ നിക്ഷേപിപ്പിച്ചപ്പോള്‍ പല പേരില്‍ ജനത്തെ പിഴിയാനുള്ള അവസരമാക്കി അവര്‍. നട്ടുച്ച വെയിലില്‍ പകലന്തിയോളം കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കുകളിലിട്ട് അന്തിപ്പട്ടിണി കിടക്കുന്നവരോടാണ് അഛാദിന്‍ സ്വപ്നം കാണാന്‍ പറയുന്നത്.
(ചന്ദ്രിക: 2018 ഫെബ്രുവരി 22)
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

