മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് സത്യവാങ്മൂലം തേടി ഹൈക്കോടതി. ബോംബെ ഹൈക്കോടതിയിലെ ഗോവ ബെഞ്ചാണ് പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ചീഫ് സെക്രട്ടറി ധര്‍മേന്ദ്ര ശര്‍മയോട് വെള്ളിയാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യവിവരം തേടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. ഹര്‍ജി ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയിലാണ്. അമേരിക്കയില്‍ ചികിത്സ നടത്തി തിരിച്ചുവന്ന ശേഷം ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും വീണ്ടും വഷളായതിനെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലും മുംബൈയിലും ചികിത്സ തേടിയിരുന്നു.

ഏറെ നാളായി ഭരണരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് പരീക്കര്‍. മുഖ്യമന്ത്രിയെ മാറ്റാന്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നത ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.