അഷ്‌റഫ് തൈവളപ്പ്
കൊച്ചി

മിമിക്രിയുമായി നാടുനീളെയുള്ള വേദികള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന കാലത്താണ് ഹബീബ് മുഹമ്മദ് എന്ന അബിയുടെ യഥാര്‍ഥ പേരിന് മാറ്റം വന്നത്. കാവുങ്കര തടത്തിക്കുടിയില്‍ ഹബീബ് മുഹമ്മദ് എങ്ങനെ അബിയായി എന്ന കഥ അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. പള്ളിപെരുന്നാളുകളും ഉത്സവങ്ങളുമായിരുന്നു അക്കാലത്തെ പ്രധാന മിമിക്രി വേദികള്‍. പ്രസിദ്ധനല്ലാത്ത കാലത്ത് തന്റെ ഹബീബ് മുഹമ്മദ് എന്ന പേര് ഓര്‍ത്തെടുക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ലത്രേ. ഇതിനിടെ ഒരു ഉത്സവ പറമ്പില്‍ മിമിക്രി അവതരിപ്പിക്കാനെത്തിയപ്പോള്‍ സംഘാടകരിലൊരാള്‍ തന്റെ പേര് അബിയെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. അനൗണ്‍സ് ചെയ്തയാള്‍ക്ക് തെറ്റിയതാണോ, അതോ ആരെങ്കിലും തെറ്റിധരിപ്പിച്ചതാണോ എന്നു വ്യക്തമല്ലെങ്കിലും പിന്നീട് ഹബീബ് മുഹമ്മദ് അബിയായി. മിമിക്രി വേദികളിലും സിനിമയിലും അബിയെന്ന പേരില്‍ തന്നെയാണ് അറിയപ്പെട്ടത്. അതോടെ ഹബീബ് മുഹമ്മദ് എന്ന പേര് ആരും ഓര്‍ക്കാതെയായി. ബന്ധുക്കളില്‍ ചിലര്‍ യഥാര്‍ഥ പേര് ഓര്‍ക്കാറുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും യഥാര്‍ഥ പേര് അറിയില്ലായിരുന്നു. അബിയെന്ന പേരിനെ താനും പിന്നീട് ഇഷ്ടപ്പെടുകയായിരുന്നുവെന്ന് അബി പിന്നീട് വെളിപ്പെടുത്തി.
മൂവാറ്റുപുഴയിലെ അമിതാഭ് ബച്ചനായിരുന്നു അബിയെന്ന മിമിക്രി കലാകാരന്‍. ചെറുപ്പത്തില്‍ അനുകരണത്തോട് ഇഷ്ടം തോന്നിയ കാലം മുതല്‍ അമിതാഭ് ബച്ചനെയും മമ്മൂട്ടിയെയുമായിരുന്നു അബിക്ക് ഇഷ്ടം. പിന്നെ സ്വന്തം മാസ്റ്റര്‍പീസായ ആമിനത്താത്തയും. മുംബൈയില്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്‌സിന് ചേരാന്‍ പോയപ്പോഴാണ് അബി മിമിക്രിയിലെ സാധ്യതകളും ജനകീയതയും മനസിലാക്കിയത്. ഇവിടെ നിന്നായിരുന്നു ബച്ചനെ അനുകരിച്ച് തുടക്കം. കനത്തിലുള്ള ശബ്ദം മാത്രമല്ല, ഉയരവും അമിതാഭ് ബച്ചനെ അവതരിപ്പിക്കാന്‍ അബിക്ക് കൂട്ടായി. അബിയുടെ ബച്ചന്‍ അവതരണം കാണാനായി മാത്രം ആളുകള്‍ തടിച്ചു കൂടി. കലാഭവനില്‍ എത്തുന്നതിനു മുമ്പേ അബിയുടെ ബച്ചന്‍ നാട്ടില്‍ ഹിറ്റായി. കലാഭവനില്‍ എത്തിയതോടെ ബച്ചന് കുറച്ചു പ്രൊഫഷണല്‍ സ്‌റ്റൈല്‍ കൈവന്നു. മമ്മൂട്ടിയുടെ ശബ്ദാനുകരവും ആമിനത്താത്തയും മിനുക്കിയെടുത്തു. മോഹന്‍ലാലും അബിയുടെ അനുകരണ കലയില്‍ ഇഷ്ട താരങ്ങളിലൊരാളായി. തിളങ്ങുന്ന കുപ്പായവും വായില്‍ ചുവന്നു കറുത്ത മുറുക്കാനുമായി അബിയുടെ ആമിനത്താത്ത വേദികളെ കീഴടക്കി. തന്റെ വല്യുമ്മയെ അനുകരിച്ചായിരുന്നു അബി ആമിനത്താതയെ രംഗത്തെത്തിച്ചത്. ശുദ്ധമായ നര്‍മ്മം പറയുന്നു നിഷ്‌ക്കളങ്കയായ കഥാപാത്രമായിരുന്നു അത്. പ്രേക്ഷകരെ നിമിഷ നേരം കൊണ്ട് കൈയിലെടുക്കാനാവുമെന്നത് തന്നെയായിരുന്നു അബിയുടെ കഴിവ്. ശബ്ദാനുകരണത്തില്‍ ഒതുങ്ങുന്നതല്ലായിരുന്നു അബിയുടെ അവതരണം. ബച്ചനും മമ്മൂട്ടിയുമെല്ലാം അബിയുടെ അവതരണത്തില്‍ പുതു ജീവന്‍ വച്ചു. വ്യത്യസ്തമായ അവതരണ ശൈലി അബിയെ വ്യത്യസ്തനാക്കി. ബച്ചനെ മുന്നില്‍ നിര്‍ത്തി ബച്ചന്റെ ശബ്ദം അനുകരിക്കാന്‍ അബിക്കായി. ബച്ചന്റെ ഹിന്ദി പരസ്യങ്ങള്‍ക്ക് മലയാളത്തില്‍ ശബ്ദം നല്‍കാനുള്ള അവസരവും അബിയെ തേടിയെത്തി.