india

ഇന്‍ഡിഗോ പ്രതിസന്ധി: ഏഴ് ദിവസം പിന്നിട്ടിട്ടും സര്‍വീസ് മുടക്കം തുടരുന്നു; 350 വിമാനങ്ങള്‍ കൂടി റദ്ദാക്കി

By webdesk18

December 08, 2025

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമഗതാഗത രംഗത്ത് ഇതുവരെ കാണാത്ത കലാപം സൃഷ്ടിച്ച ഇന്‍ഡിഗോ പ്രതിസന്ധി ഏഴാം ദിവസവും തുടരുന്നു. തിങ്കളാഴ്ച മാത്രം 350 വിമാനങ്ങളാണ് റദ്ദായത്. നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസ് മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടു.

ഡല്‍ഹി വിമാനത്താവളത്തില്‍ 134 സര്‍വീസുകള്‍, ബംഗളൂരു 127, ചെന്നൈ 71, അഹമ്മദാബാദ് 20 സര്‍വീസുകള്‍ എന്നിവയാണ് റദ്ദാക്കപ്പെട്ടത്. വിശാഖപട്ടണം, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും സര്‍വീസ് തടസപ്പെട്ടു.

ഞായറാഴ്ച ഇന്‍ഡിഗോ 650-ഓളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ശനിയാഴ്ച ഇത് ആയിരത്തോളം ആയി. ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് കമ്പനി നല്‍കിക്കഴിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇന്നോടെ പ്രതിസന്ധി ശമിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും സര്‍വീസ് മുടക്കം തുടരുകയാണ്. ഡിസംബര്‍ 15നകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിപുലമായ സര്‍വീസ് മുടക്കവുമായി രാജ്യത്തിന്റെ വ്യോമഗതാഗതം ഒരു ആഴ്ചത്തോളം സ്തംഭിപ്പിച്ച ഇന്‍ഡിഗോയുടെ മേധാവികളെ വിശദീകരണത്തിന് പാര്‍ലമെന്ററി സമിതി വിളിച്ചു വരുത്തും.

ഇതിനൊപ്പം വിശദീകരണം ആവശ്യപ്പെട്ട് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡി.ജി.സി.എ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

സര്‍വീസ് മുടക്കത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും യാത്രക്കാരുടെ താത്പര്യം എങ്ങനെ സംരക്ഷിക്കുമെന്നുമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സമിതി വിശദീകരണം തേടുമെന്ന് സൂചന.