തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഐഎംഎ. മന്ത്രിയുടേത് ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവനയാണെന്ന് ഐഎംഎ കുറ്റപ്പെടുത്തി. മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ തെറ്റായ പ്രസ്താവന നടത്തരുതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം പെട്ടന്ന് ഭേദമായിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡിഎംഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.