ഇപ്പോഴും ഇടതു മുന്നണിക്ക് അകത്താണോ പുറത്താണോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും കിട്ടാത്ത പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. രണ്ടു പതിറ്റാണ്ടോളമായി ഇടതുമുന്നണിക്കൊപ്പമാണ് സഹവാസമെങ്കിലും അകത്തുമല്ല, പുറത്തുമല്ല എന്ന സ്ഥിതിക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. മുന്നണി പ്രവേശത്തിനായി മുറവിളി ഉയരുമ്പോഴെല്ലാം ഇപ്പോ ശരിയാക്കിത്തരാം എന്ന മട്ടിലുള്ള ഉറപ്പുകള്‍ കുറേ കേട്ടവരാണ് ഐ.എന്‍.എല്‍ നേതാക്കളും അണികളും.

ഐ.എന്‍.എല്ലിനോടുള്ള തൊട്ടുകൂടായ്മ ഇപ്പോഴും ശക്തമായി തുടരുന്ന കാഴ്ചയാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രയിലും കാണാവുന്നത്. കോടിയേരി ബാലകൃഷണനോടൊപ്പവും കാനം രാജേന്ദ്രനൊടപ്പവുമുള്ള ജനജാഗ്രതാ യാത്രകളിലെ സ്ഥിരാംഗങ്ങളെ തെരെഞ്ഞെടുത്തപ്പോള്‍ അവിടെയും ഐ.എന്‍.എല്‍ നേതാക്കളെ പരിഗണിച്ചില്ല. ഐ.എന്‍.എല്ലിനെ മുന്നണിയില്‍ എടുക്കുന്നതിലോ വേദി പങ്കിടുന്നതിലോ ഇടതു അണികള്‍ക്കും താല്‍പര്യമില്ല.