റോം: ജനന നിരക്ക് ഉയര്‍ത്താന്‍ പുതിയ നീക്കവുമായി ഇറ്റാലിയന്‍ ഭരണകൂടം. മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് ഗവണ്‍മെന്റ് വക കൃഷി ഭൂമി നല്‍കാന്‍ ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

2019നും 2021നും ഇടയില്‍ മൂന്നാമതൊരു കുട്ടി കൂടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് 20 വര്‍ഷത്തെ കാലാവധിക്ക് കൃഷി ഭൂമി നല്‍കുമെന്നാണ് വിവരം. ജനന നിരക്ക് ഉയര്‍ത്തുന്നതോടൊപ്പം നോക്കി നടത്താനോ വില്‍ക്കാനോ ബുദ്ധിമുട്ടുള്ള കൃഷി ഭൂമികള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് പദ്ധതിയിലൂടെ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൃഷി സ്ഥലങ്ങള്‍ക്ക് അടുത്ത് പുതിയ കുടുംബങ്ങള്‍ വീട് സ്വന്തമാക്കിയാല്‍ ഇത്തരം കുടുംബങ്ങള്‍ക്ക് 2,00,000 യൂറോ പലിശയില്ലാത്ത ലോണ്‍ നല്‍കുമെന്നും ലാന്റ് ഫോര്‍ ചില്‍ഡ്രന്‍ എന്നറിയപ്പെടുന്ന ഈ പദ്ധതിയില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.