ഡല്‍ഹി: ജിയോയില്‍ നിന്ന് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് സിം പോര്‍ട്ട് ചെയ്യാന്‍ പറ്റുന്നില്ലെന്ന് പരാതി. ജിയോ സിം പോര്‍ട്ടബിലിറ്റി സേവനം ജിയോ കെയര്‍ നിര്‍ത്തി വെച്ചുവെന്ന് കിസാന്‍ ഏക്താ മോര്‍ച്ച ട്വീറ്റ് ചെയ്തു.

മറ്റു നെറ്റുവര്‍ക്കുകളിലേക്ക് മാറാന്‍ ശ്രമിച്ചിട്ടും സേവനം തടസ്സപ്പെട്ടു എന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കിസാന്‍ ഏക്താ മോര്‍ച്ചയുടെ ട്വീറ്റ്. ഈ നടപടി ഡി.ഒ.ടി റെഗുലേഷന് ഉപഭോക്താക്കളുടെ അവകാശത്തിന്റെയും ലംഘനമാണെന്നും ട്വീറ്റില്‍ പറയുന്നു.

പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിഷയം അന്വേഷിക്കണമെന്നും ഉടന്‍ നടപടിയെടുക്കണമെന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.

സമരം കോര്‍പറേറ്റുകള്‍ക്കെതിരാണെന്ന് കൂടി പ്രഖ്യാപിച്ച ശേഷമാണ് കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ബോയ്‌ക്കോട്ട് ജിയോ എന്ന ഹാഷ്ടാഗില്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തിരുന്നു. .

അതേസമയം കര്‍ഷക പ്രതിഷേധം ഇന്ന് 36 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത ചര്‍ച്ചയും പരാജയമായിരുന്നു.

അതിനാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. നിയമം നടപ്പാക്കുന്നതില്‍ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കും.