കണ്ണൂര്‍: പി. ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പടയൊരുക്കം. പി. ജയരാജന്‍ അനുകൂലികളാണ് പിണറായിക്കെതിരെ രംഗത്തെത്തിയത്.

ജയരാജനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റ് എന്‍ ധീരജ് രാജിവച്ചു. ജയരാജന് സീറ്റ് നല്‍കാത്തത് നീതി നിഷേധമാണെന്നും ഇനിയും കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും ധീരജ് പറഞ്ഞു.

ജയരാജന് സീറ്റ് നിഷേധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുന്നുമുണ്ട്.

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ‘പിണറായിയോട് മുട്ടാന്‍ മാത്രം ഒരു ജയരാജനും ഇവിടെ വളര്‍ന്നിട്ടില്ല. പറയുന്നതും കേട്ട് ഓച്ഛാനിച്ചു നിന്നാല്‍ എന്തെങ്കിലുമൊക്കെ തരണോ വേണ്ടയോ എന്ന് ആലോചിക്കാം’. എന്ന് പിണറായിയുടെ രോഷാകുലമായ ചിത്രം സഹിതം ഒരാള്‍ പരിഹസിക്കുന്നു. ‘പാര്‍ട്ടിയില്‍ നിന്നു പിന്നില്‍ നിന്ന് കുത്തുന്നവര്‍ കരുതി ഇരിക്കുക, എത്ര വലിയ നേതാവാണെങ്കിലും’ എന്ന് മറ്റൊരാള്‍ കുറിച്ചു. ആകെയാല്‍ ഒതുക്കാനാണ് തീരുമാനമെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് കമന്റുകളിലെ സാരം.

സംസ്ഥാന യോഗത്തിനു ശേഷം പുറത്തു വന്ന വിവരങ്ങളില്‍ പി ജയരാജന് സീറ്റില്ലെന്ന് വ്യക്തമായതോടെയാണ് പ്രതിഷേധം ശക്തമായത്. ജില്ലാകമ്മിറ്റി കൊടുത്ത പട്ടികയില്‍ ജയരാജന്റെ പേര് കൊടുത്തിട്ടാല്ലായിരുന്നെന്നതും എതിര്‍ശബ്ദം കടുപ്പിക്കിനാടിയാക്കി.

തുടര്‍ച്ചയായി രണ്ട് തവണ സഭയിലെത്തിയവരെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും ഇതില്‍ പിന്നീട് ലോകലഭസാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. ഇതനുസരിച്ച് കെഎന്‍ ബാല ഗോപാല്‍, വിഎന്‍ വാസവന്‍, പി രാജീവ്, എംബി രാജേഷ് എന്നിവര്‍ക്ക് ഇളവ് നല്‍കി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു എന്നാല്‍ അപ്പോഴും പി ജയരാജന് ഇളവ് നല്‍കിയില്ല.