ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് മികവില്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് അത്യുഗ്രന്‍ വിജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കൊമ്പന്‍മാര്‍ ജയിച്ചത്. ഹ്യൂമിനെ മുന്നേറ്റത്തില്‍ അണിനിരത്തി ടീമിനെ കളത്തിലറക്കിയ ഡേവിഡ് ജെയിംസിന്റെ തന്ത്രം ഡല്‍ഹി സ്‌റ്റേഡിയത്തില്‍ ഫലം കണ്ടു. കഴിഞ്ഞ മത്സരങ്ങളില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ഹ്യൂമിന്റെ കിടിലന്‍ തിരിച്ചുവരവായിരുന്നു ഇത്.

 

11ാം മിനിറ്റില്‍ ബോക്‌സില്‍ നിന്ന് കറേജ് പെക്കൂസണ്‍ നല്‍കിയ പാസ്സ് ഡല്‍ഹി പ്രതിരോധ താരം തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ഗോള്‍പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഹ്യൂം പന്ത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ച്ചൂട് പകര്‍ന്നു.

പിന്നാലെ രണ്ടെണ്ണം കൂടി എതിര്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റി. 12, 78, 83 മിനിറ്റുകളിലായിരുന്നു ആരാധകരുടെ സ്വന്തം ഹ്യൂമേട്ടന്റെ ഗോളുകള്‍. ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ അവരുടെ ക്യാപ്റ്റന്‍ പ്രീതം കോട്ടാല്‍ (44) നേടി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. ഹാട്രിക് നേട്ടം സ്വന്തമാക്കിയ ഇയാന്‍ ഹ്യൂമിന്റെ വ്യക്തിഗത മികവിലാണ് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ജയം.