X

“ജോളി തനിച്ചോ?”; ‘മറ്റൊരാള്‍ കൂടിയുണ്ടെന്ന് കരുതുന്നു’

കോഴിക്കോട്/കൊച്ചി: കൂടത്തായി കൊലക്കേസില്‍ ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങള്‍ അല്ല പുറത്തു വരുന്നതെന്ന് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസ്. സത്യം എന്നായാലും പുറത്തുവരുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ റെഞ്ചി പറഞ്ഞു. ജോളി മാത്രമാണ് എല്ലാ കൊലപാതകങ്ങളും ചെയ്തതെന്ന് വിശ്വസിക്കുന്നില്ല. ഇപ്പോള്‍ പിടിയിലാവര്‍ക്കു പുറമെ മറ്റൊരാള്‍ കൂടിയുണ്ടെന്ന് കരുതുന്നു. കേസ് അന്വേഷണം നടക്കുന്നതിനാല്‍ ആളുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താനാവില്ല. അയാളെ പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ റോയ് തോമസിന് അയാളോട് അനിഷ്ടമുണ്ടായിരുന്നില്ല. കൊലപാതകത്തില്‍ അയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിയിക്കട്ടെയെന്നും റെഞ്ചി തോമസ് പറഞ്ഞു. റോയ് മരിച്ച സമയത്ത് എന്‍.ഐ.ടിയില്‍നിന്ന് ആരും കാണാന്‍ വന്നിരുന്നില്ല. ഇതോടെയാണ് ജോളിയുടെ ജോലിയെക്കുറിച്ച് സംശയം ജനിച്ചത്. എന്‍.ഐ.ടിയില്‍നിന്ന് പിരിച്ചുവിട്ടുവെന്ന് പറഞ്ഞാണ് അന്ന് ജോളി ഒഴിഞ്ഞുമാറിയത്.
മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് ഒരിക്കലും സംശയം ഉണ്ടായിരുന്നില്ല. സഹോദരന്‍ റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് തന്നെ പുറകോട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. താനും സഹോദരനായ റോജോയും മാത്രമാണ് ഇതിനെതിരെ പൊരുതിയത്. പൊലീസും ഇപ്പോള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും ഒപ്പം നിന്നതിനാലാണ് കേസ് ഇത്രയധികം മുന്നോട്ട് പോയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ട്.
അമ്മ അന്നമ്മയെ കൊല്ലാന്‍ സമാന രീതിയില്‍ ജോളി നേരത്തെയും ശ്രമിച്ചിരുന്നതായി റെഞ്ചി പറഞ്ഞു. ആദ്യം ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കഴിച്ച ആയുര്‍വേദ മരുന്നില്‍ അസ്വാഭാവികതകയുള്ളതായി അമ്മ തന്നോട് പറഞ്ഞിരുന്നു. കൈകാലുകള്‍ കുഴയുകയും കാലുകള്‍ മടക്കാനാകാത്ത അവസ്ഥ നേരിട്ടതായും അമ്മ പറഞ്ഞിരുന്നു. ഇതേ രീതിയിലാണ് പിന്നീട് അമ്മ മരിച്ചതും.
സ്വത്ത് തട്ടിയെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന പ്രചാരണം ശരിയല്ല. മാതാപിതാക്കളുടെ സ്വത്തുക്കള്‍ എന്നായാലും മക്കള്‍ക്ക് തുല്യമായി ലഭിക്കും. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കിലും കോടതി അത് ചെയ്ത് തരും. മരിക്കുന്നതിന് മുമ്പ് റോയി മദ്യത്തിന് അടിമയായിരുന്നുവെന്ന് സഹോദരി റെഞ്ചി തോമസ് പറഞ്ഞു. താന്‍ അറിയുന്ന സഹോദരനായിരുന്നില്ല മരണസമയത്ത് റോയി. അമ്മ മരിച്ച ശേഷം റോയി മാനസികമായി തകര്‍ന്നിരുന്നു. അതായിരിക്കാം റോയിയെ മദ്യപാനത്തിലേക്ക് നയിച്ചത്. റോയി മദ്യത്തിന് അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത്.
അച്ഛനും സഹോദരനും മരിക്കുമ്പോള്‍ താന്‍ ശ്രീലങ്കയിലായിരുന്നു. അമ്മ മരിക്കുമ്പോള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ആ സമയത്തെല്ലാം ജോളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. 2008ല്‍ എഴുതിയ ആദ്യ ഒസ്യത്ത് കാണിച്ചു തന്നത് റോയി തോമസാണ്. ഒസ്യത്തിലെ സാക്ഷികളെ കണ്ടപ്പോള്‍ ഞെട്ടി. അതില്‍ മുപ്പത്തിമൂന്നേ മുക്കാല്‍ സെന്റ് സ്ഥലവും വീടും സഹോദരനും കുടുംബത്തിനുമായി എഴുതി നല്‍കിയിരുന്നു. വായിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്ന് മനസിലായി. തീയതിയും സ്റ്റാമ്പും സാക്ഷികളും ഉണ്ടായിരുന്നില്ല. ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ പിതാവ് ഇങ്ങനെ ഒരു ഒസ്യത്ത് എഴുതുമെന്ന് കരുതുന്നില്ല. റോജോയോട് അപ്പോള്‍ തന്നെ അത് എടുത്തുവയ്ക്കാന്‍ പറഞ്ഞു. 50 സെന്റ് സ്ഥലം കൂടി ബാക്കി ഉണ്ടായിരുന്നു. പക്ഷേ അത് ഒസ്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും റെഞ്ചി പറഞ്ഞു.

chandrika: