തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരളസര്‍വ്വകലാശാലയിലെ പദവി രാജിവെച്ചു. സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ജൂബിലിയുടെ രാജി.

നിയമന വിവാദങ്ങളെ തുടര്‍ന്ന് തനിക്കും കുടുംബത്തിനുമുണ്ടായ അപമാനമാണ് രാജിയിലേക്ക് നയിച്ചതെന്ന് ജൂബിലി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും ശുപാര്‍ശ പ്രകാരമല്ല തന്റെ നിയമനം നടന്നതെന്നും പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ജൂബിലി നവപ്രഭ പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഡോ.ജൂബിലി നവപ്രഭ കുറ്റപ്പെടുത്തി.

ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്റെ മേധാവിയായി ജൂബിലി നവപ്രഭയെ നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം നടത്തിയത്.
പ്രതിമാസം 35000 രൂപശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്.

നിലവില്‍ഓരോ കോഴ്‌സിനും സര്‍വ്വകലാശാലക്ക്കീഴിലെ ഓരോ പ്രൊഫസര്‍മാരായിരുന്നു ഡയറക്ടര്‍. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ്പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. വിവിധ സ്വാശ്രയ കോഴ്‌സുകളുടെ ഏകോപനമാണ് ദൗത്യമെങ്കിലും അടിസ്ഥാന യോഗ്യത ബികോമാണ്. വേണ്ട മാര്‍ക്ക് 50 ശതമാനവും. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് വിരമിച്ച ജൂബിലി നവപ്രഭയ്ക്ക് അതേ ബിരുദവും വേണ്ട മാര്‍ക്കും റിട്ടയര്‍ ചെയ്തവര്‍ നിബന്ധന ഉണ്ട്.

ഇതോടെ ഒരു തസ്തിക സൃഷ്ടിച്ചപ്പോള്‍ ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് ആരോപണം ഉയരുകയായുരുന്നു. പക്ഷെ സര്‍വ്വകലാശാലയുടെ സ്വയംഭരണ അവകാശമെന്ന വാദത്തില്‍ തട്ടി പരാതികള്‍ അവസാനിച്ചു.

5 മാസത്തിന് ശേഷം ഈ തസ്തിക സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ആഴ്ചത്തെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഇത് മന്ത്രിയുടെ ഭാര്യക്ക് വേണ്ടിയാണെന്ന ആരോപണം കൂടി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജൂബിലി നവപ്രഭ രാജി വയ്ക്കാന്‍ തീരുമാനിക്കുന്നത്.