X
    Categories: Culture

പിടിക്കപ്പെട്ടപ്പോള്‍ മോദി എല്ലാവരേയും കാവല്‍ക്കാരാക്കുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഞാനും കാവല്‍ക്കാരന്‍’ ക്യാമ്പയിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ രാജ്യത്തുള്ളവരെ മുഴുവന്‍ കാവല്‍ക്കാരാക്കി രക്ഷപ്പെടാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

കര്‍ണാടകയിലെ കലബുറഗിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മോദി വന്‍കിട കോര്‍പ്പറേറ്റുകളുടെ മാത്രം കാവല്‍ക്കാരനാണെന്നും രാജ്യത്തെ സാധാരണക്കാരുടേയും ദരിദ്രരുടേയും കാവല്‍ക്കാരനല്ലെന്നും രാഹുല്‍ ആരോപിച്ചു. അദ്ദേഹം(നരേന്ദ്രമോദി) അനില്‍ അംബാനിയുടേയും മെഹുല്‍ ചോക്‌സിയുടേയും വിജയ് മല്യയുടേയും നീരവ് മോദിയുടേയും കാവല്‍ക്കാരനാണ്.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ച അതേ ദിവസത്തിലാണ് മോദി രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക് തീറെഴുതിക്കൊടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ഇടപാടാണ് റഫാല്‍. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് കരാര്‍ ലഭിക്കണമെന്ന് യു.പി.എ സര്‍ക്കാര്‍ വ്യക്തമായും നിര്‍ദേശിച്ചിരുന്നതാണ്. വില പേശലുകള്‍ നടത്തുകയും 526 കോടിക്ക് കരാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാവല്‍ക്കാരന്‍ പ്രധാനമന്ത്രിയായപ്പോള്‍ ആദ്യ ദൗത്യം അനില്‍ അംബാനിയേയും കൂട്ടി ഫ്രാന്‍സ് സന്ദര്‍ശിക്കുകയാണ്-രാഹുല്‍ പരിഹസിച്ചു.

chandrika: