kerala

തലശ്ശേരിയിലെ ഹരിദാസിന്റെ കൊലപാതകം; ഇത് ഒരു ജനാധിപത്യ സമൂഹം എന്ന നിലയില്‍ നാം ലജ്ജിക്കേണ്ട സമയമെന്ന് കെകെ രമ

By Test User

February 21, 2022

ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹം ലജ്ജിക്കേണ്ട വിധം രാഷ്ട്രീയ ഭിന്നതകള്‍ അരുംകൊലകള്‍ക്ക് പ്രേരണയാവുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്ന് ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കെകെ രമയുടെ പ്രതികരണം. ഒരിടത്തെ വേട്ടക്കാരന്‍ മറ്റൊരിടത്ത് ഇരയാവുന്നു. നിയമവാഴ്ച അധികാര സ്വാധീനം ഉപയോഗപ്പെടുത്തി ദുര്‍ബലമാക്കപ്പെടുമ്പോള്‍  കൊലയാളികള്‍ എപ്പോഴും സംരക്ഷിക്കപ്പെടുകയാണെന്നും രമ പറഞ്ഞു. കൊന്നത് ബിജെപിയാണെന്ന് സിപിഎമ്മും, അല്ലെന്നു ബിജെപിയും പതിവുപോലെ പ്രസ്താവനകളിറക്കുന്നുവെന്നും പറഞ്ഞു. അനുശോചനങ്ങളും സര്‍വ്വകക്ഷി യോഗങ്ങളും നടക്കുമെന്നും വീണ്ടും ഈ പരമ്പരകള്‍ തുടരുമെന്നും രമ കൂട്ടിചേര്‍ത്തു. ഈ ക്രൂരതകള്‍ക്ക് അറുതി വരുത്താന്‍ കഴിയാത്ത നിസ്സാഹായരായി പൊതുജനങ്ങള്‍ തുടരും. കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ നിലവിളികള്‍ മാത്രം അവശേഷിക്കുമെന്നും പറഞ്ഞു. ഇന്ന് തലശ്ശേരിയില്‍ കൊല്ലപ്പെട്ട പി.ഹരിദാസിന് ആദരാഞ്ജലികളും അര്‍പ്പിച്ചു.