india

അമ്മയെ ആശുപത്രി ജീവനക്കാരന്‍ അപമാനിച്ചു; പരാതി കൊടുക്കാന്‍ പോയ യുവാവ് അറസ്റ്റില്‍

By webdesk12

January 16, 2023

തിരുവനന്തപുരം: ചികിത്സക്കെത്തിയ അമ്മയെ അപമാനിച്ച ആശുപത്രി ജീവനക്കാരനെതിരെ പരാതി കൊടുക്കാന്‍ പോയ യുവാവിനെ പൊലീസ് അറസ്റ്റ്‌ ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാരന്‍റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസമാണ് കാലിന് പരിക്കേറ്റ് ചികിത്സക്കായി ഷിബിന്‍റെ അമ്മയായ ഷിബുമോള്‍ പാറശാല ആശുപത്രിയിലെത്തിയത്. തന്നെക്കാള്‍ വൈകി എത്തിയവര്‍ക്ക് ജീവനക്കാരന്‍ ഡ്രസിംഗ് ചെയ്ത് കൊടുത്തത് ഷിബു മോള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് രോഗിയും നഴ്സിംഗ് അസിസ്റ്റന്‍റും തമ്മില്‍ വാക്കേറ്റമായി. വിവരമറിഞ്ഞ് ഷിബിന്‍ കൂടി എത്തിയതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. വാക്കേറ്റത്തിനിടെ ജീവനക്കാരന്‍ തന്നെ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നായിരുന്നു ഷിബു മോളുടെ പരാതി.

എന്നാല്‍ പരാതി സ്വീകരിക്കുന്നതിന് പകരം ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് കാട്ടി ഷിബിനെ അറസ്റ്റ് ചെയ്തു എന്ന് ഷിബു മോള്‍ പറയുന്നു.തുടര്‍ന്ന് ഷിബുമോള്‍ പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ എത്തി നഴ്സിംഗ് അസിസ്റ്റന്‍റിനെതിരെ വീണ്ടും പരാതി നല്‍കി. താന്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാനോ മൊഴിയെടുക്കാനോ പൊലീസ് തയ്യാറാകുന്നില്ല എന്നും ഷിബു മോള്‍ ആരോപിക്കുന്നു. അതേസമയം മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കിയ ഷിബിനെ റിമാന്‍ഡ് ചെയ്തു.